Connect with us

Kerala

പോലീസ് സ്‌റ്റേഷന് നേരെ ബോംബേറ്: മൂന്ന് ആര്‍എസ്എസുകാര്‍ റിമാന്‍ഡില്‍

Published

|

Last Updated

തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസില്‍ പിടിയിലായ ആര്‍എസ്എസുകാരെ ഈ മാസം 18 വരെ റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ആര്‍ എസ് എസ് ജില്ലാ പ്രചാരക് ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണ്‍, ഇയാളുടെ സഹായികളായ അഭിജിത്ത്, ശ്രീജിത്ത് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. ഇന്നലെയാണ് ഇവരെ പോലീസ് പിടികൂടിയത്. ഇതോടെ ബോംബേറ് കേസില്‍ അറസ്റ്റിലാകുന്ന ബി ജെ പി- ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ എണ്ണം പത്തായി. മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രവീണിനെയും ശ്രീജിത്തിനെയും പിടികൂടിയത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെമ്പായം തേക്കടയില്‍ നിന്ന് അഭിജിത്തിനെയും അറസ്റ്റ് ചെയ്തു. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് അറസ്റ്റ്.

ഹര്‍ത്താല്‍ ദിനത്തില്‍ നാല് തവണയാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് പ്രവീണ്‍ ബോംബെറിഞ്ഞത്. ബോംബേറിന്റെ സി സി ടി വി ദൃശ്യങ്ങളടക്കം പോലീസ് പുറത്തുവിട്ടിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. നിരവധി കേസുകളില്‍ പ്രവീണിന് ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. ആലപ്പുഴ മല്ലപ്പള്ളി, നൂറനാട്, അടൂര്‍ എന്നിവിടങ്ങളിലെല്ലാം പ്രവീണിനെതിരെ കേസുണ്ട്. 2017 ജൂണ്‍ മുതല്‍ നെടുമങ്ങാട് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. നാഗ്പൂരില്‍ നിന്ന് പരിശീലനം ലഭിച്ച ഇയാള്‍ ബോംബ് നിര്‍മ്മാണത്തിലും വിദഗ്ധനാണെന്ന് പോലീസ് പറയുന്നു.

ശബരിമല കര്‍മസിതിയും ബി ജെ പിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്കാണ് ബോംബെറിഞ്ഞത്. ആര്‍ എസ് എസ് നെടുമങ്ങാട് കാര്യാലയത്തില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. നെടുമങ്ങാട് മേലാംകോടുള്ള കാര്യാലയത്തില്‍ നടത്തിയ റെയ്ഡില്‍ രണ്ട് വാളുകളും വടികളും ചാക്കില്‍നിറച്ച കല്ലുകളും ഹൈഡ്രജന്‍ പെറോക്‌സൈഡും കണ്ടെത്തിയിരുന്നു. ആര്‍ എസ് എസ് കാര്യാലയത്തില്‍ പ്രവീണ്‍ ഒളിവില്‍ താമസിച്ചതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്. എന്നാല്‍, അന്ന് ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. പ്രവീണ്‍ ഇവിടെ താമസിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നു. പ്രവീണിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് ഇന്നലെ പിടിയിലായത്. ചെന്നൈയില്‍ അടക്കം ഒളിവില്‍ കഴിഞ്ഞ പ്രവീണ്‍ രണ്ട് ദിവസം മുമ്പാണ് തിരുവനന്തപുരത്തെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തന്നെ ചോര്‍ന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്ന് പ്രവീണിനെ പിടികൂടുന്നത്.