അധിക സീറ്റ്: ജോസഫിനെ വെട്ടാന്‍ മലക്കം മറിഞ്ഞ് മാണി

തിരുവനന്തപുരം
Posted on: February 4, 2019 4:37 pm | Last updated: February 4, 2019 at 4:38 pm

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് രണ്ട് ലോക്‌സഭാ സീറ്റുകള്‍ വേണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്ന പി ജെ ജോസഫ് വിഭാഗത്തെ വെട്ടാന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് കെ എം മാണി. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ നേരത്തെ രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ടെന്ന് മാധ്യമങ്ങളോട് കെ എം മാണി പറഞ്ഞിരുന്നുവെങ്കിലും സീറ്റിന്റെ പേരില്‍ മുന്നണിയെ പ്രതിരോധത്തിലാക്കില്ലെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ള കോട്ടയത്തിന് പുറമെ മറ്റൊരു സീറ്റ് കൂടി കേരളാ കോണ്‍ഗ്രസിന് വേണമെന്ന ആവശ്യം ജോസഫ് വിഭാഗം ശക്തമായി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മാണി വിഭാഗം ഇക്കാര്യത്തില്‍ മലക്കം മറിഞ്ഞിരിക്കുന്നത്.
ഇരു മുന്നണികളിലും ലോക്‌സഭാ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും കേരള കോണ്‍ഗ്രസില്‍ അധിക സീറ്റിനെ ചൊല്ലി മാണി- ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം തുടരുകയാണ്. പാര്‍ട്ടിക്ക് രണ്ട് സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെങ്കിലും സീറ്റിന്റെ പേരില്‍ മുന്നണിയെ സമ്മര്‍ദത്തിലാക്കില്ലെന്നാണ് ഇന്നലെ കെ എം മാണി വ്യക്തമാക്കിയത്. നേരത്തെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍, രണ്ടാം സീറ്റ് ലഭിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ അത് വന്‍ പ്രതിസന്ധിക്കിടയാക്കും.
അതേസമയം, കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ ലഭിക്കണമെന്ന ആവശ്യമാണ് ജോസഫ് മുന്നോട്ടുവെച്ചിരിക്കുന്നത്. നേരത്തെ മൂന്ന് സീറ്റ് ലഭിച്ചപ്പോള്‍ മൂന്നിലും ജയിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അധികസീറ്റിനായുള്ള നീക്കങ്ങള്‍ക്ക് ജോസഫ് സമ്മര്‍ദം ചെലുത്തുന്നത്. ഇക്കാര്യത്തില്‍ തങ്ങളെ അവഗണിക്കുന്ന രീതിയില്‍ മാണി വിഭാഗം തുടരുന്ന അയഞ്ഞ നിലപാടിലെ അതൃപ്തി പരസ്യമാക്കിക്കൊണ്ടാണ് പി ജെ ജോസഫ് വീണ്ടും കേരളാ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തുന്നത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ലയനത്തിന് ശേഷം പാര്‍ട്ടിക്ക് ലഭിച്ച രണ്ട് രാജ്യസഭാ സീറ്റുകളിലേക്കും മാണി വിഭാഗം പ്രതിനിധികളാണ് മത്സരിച്ചിരുന്നത്. കോട്ടയം എം പിയായിരുന്ന ജോസ് കെ മാണി ഇപ്പോള്‍ രാജ്യസഭയില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ മറ്റൊരു സീറ്റ് ലഭിക്കാതിരിക്കുകയും കോട്ടയം സീറ്റില്‍ മാണി ഗ്രൂപ്പ് പ്രതിനിധിയെ തന്നെ മത്സരിപ്പിക്കുന്നതിന് കെ എം മാണി നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജോസഫ് വിഭാഗം അധിക സീറ്റിനായുള്ള നീക്കം ശക്തമാക്കി യിരിക്കുന്നത്.

ലയനത്തിന് ശേഷം കാര്യമായ നേട്ടങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ രണ്ടാം സീറ്റ് ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടാണ് ജോസഫ് വിഭാഗം സ്വീകരിച്ചിരിക്കുന്നത്.
നിലവില്‍ കോട്ടയത്തിന് പുറമെ ഇടുക്കി സീറ്റാണ് ജോസഫ് വിഭാഗം നോക്കുന്നതെന്നിരിക്കെ ഈ സീറ്റില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കുന്നതിന് ശ്രമങ്ങള്‍ നടന്നിരുന്നു. ഇത് സാധ്യമായാല്‍ ജോസഫിനെ വെട്ടാമെന്നാണ് മാണി വിഭാഗം കരുതുന്നത്. എന്നാല്‍, ഉമ്മന്‍ ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല.

അതേസമയം, കേരളാ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കാനാകില്ലെന്ന നിലപാടിലാണ് മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം. ഇതോടൊപ്പം നിലവിലുള്ള ഒരു സീറ്റില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ മാണി- ജോസഫ് ഗ്രൂപ്പുകള്‍ തമ്മില്‍ തീരുമാനിക്കണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ഇതിനിടെ ഈ മാസം അവസാനത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഈ മാസം 20നും 25നും പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.