Connect with us

Malappuram

ബജറ്റ് പദ്ധതികള്‍ വോട്ടാക്കാന്‍ ജനപ്രതിനിധികള്‍

Published

|

Last Updated

അരീക്കോട്: പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് അടുത്തതോടെ വികസന പദ്ധതികള്‍ തങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവതരിപ്പിക്കാനായി ജനപ്രതിനിധികള്‍ രംഗത്ത്.

ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വരെ തങ്ങളുടെ പദ്ധതിയായി വ്യാഖ്യാനിക്കുന്നവരുണ്ട്. പല സന്നദ്ധ
സംഘടനകളും ക്ലബ്ബുകളും പരാതി നല്‍കി കൊണ്ടുവരുന്ന പദ്ധതികളാണ് അതാത് മണ്ഡലം എം എല്‍ എമാര്‍ സ്വന്തം അക്കൗണ്ടിലേക്ക് വരവ് വെക്കുന്നത്. തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ബജറ്റിലും മണ്ഡലം തിരിച്ച് പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഖ്യാപന പദ്ധതികളെ കുറിച്ചുള്ള ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഫ്‌ളക്‌സുകളും ഗ്രാമങ്ങളില്‍ ഉയര്‍ന്ന് തുടങ്ങി. ഇടതുകക്ഷികള്‍ ഭരണനേട്ടമാക്കിയും പ്രതിപക്ഷകക്ഷികള്‍ തങ്ങളുടെ നേട്ടമായും പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടുകയാണ്.

സാമ്പത്തിക വര്‍ഷാവസാനം ആയതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിവിധ പദ്ധതി പൂര്‍ത്തീകരണം നടക്കുന്നുണ്ട്. ഈമാസം അവസാനത്തോട തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നതിനാല്‍ ഗ്രാമപഞ്ചായത്തുകള്‍ തങ്ങളുടെ പദ്ധതികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കാനുള്ള പെടാപ്പാടിലാണ്. തങ്ങളുടെ പ്രതിനിധിയെ കൊണ്ടുവന്ന് ഉദ്ഘാടന മാമാങ്കം നടത്തി വോട്ടാക്കാനുള്ള ശ്രമവും രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്നുണ്ട്. പല പദ്ധതികള്‍ക്കും ബജറ്റില്‍ ടോക്കണ്‍ സംഖ്യ മാത്രമാണ് നീക്കിവെച്ചത്.

ഇതിലൂടെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നിരിക്കേയാണ് തങ്ങളുടെ വികസനമായി ജനപ്രതിനിധികള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍, ആശുപത്രി എന്നിവിടങ്ങളിലെ നവീകരണത്തിനായി സര്‍ക്കാര്‍ പ്രത്യേകം ഫണ്ട് വകയിരിത്തിയിട്ടുണ്ട്. അതും തങ്ങളുടെ നേട്ടമായാണ് ഓരോ എം എല്‍ എമാരും ഉയര്‍ത്തുന്നത്. ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ തങ്ങളുടെ നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യേക വിഭാഗത്തെയും ഓരോ പ്രതിനിധിയും നിയോഗിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പദ്ധതി സാമ്പത്തിക വര്‍ഷാവസാനത്തോടെ പൂര്‍ത്തീകരിച്ചില്ലങ്കിലും ഫണ്ട് ഇല്ലാതാകുമെന്ന ഭയത്താല്‍ അതിനായുള്ള തിരക്കിലാണ്.

മാത്രമല്ല സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശപ്രകാരം അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികള്‍ നേരത്തെ തയ്യാറാക്കണമെന്നുമുണ്ട്. ബജറ്റും അവതരിപ്പിക്കേണ്ടതായിട്ടുണ്ട്. കൂടാതെ വ്യക്തിഗത പദ്ധതി വിതരണം കാലോചിതമായി ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള അപേക്ഷ നേരത്തെ ക്ഷണിച്ചതും പഞ്ചായത്തുകള്‍ക്ക് ഇരട്ടി ജോലി ഭാരമായിട്ടുണ്ട്.

Latest