സിബിഐ-പോലീസ് പോരില്‍ മമതക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

Posted on: February 4, 2019 9:41 am | Last updated: February 4, 2019 at 12:21 pm

കൊല്‍ക്കത്ത: പോലീസ് കമ്മീഷണറെ കസ്റ്റഡിയില്‍ എടുക്കാനുള്ള സിബിഐ നീക്കം തടഞ്ഞ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കോണ്‍ഗ്രസിന്റെ പിന്തുണ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ബിജെപിയുടെയും മോദിയുടേയും ശ്രമങ്ങളെ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറ#്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടായി ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കുമെന്നും മമതാ ബാനര്‍ജിയുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. അതേ സമയം സിബിഐ നടപടിക്കെതിരെ മമത ആരംഭിച്ച ധര്‍ണ ഇപ്പോഴും തുടരുകയാണ്.

രാഷ്ട്രീയ വേട്ടക്കായി കേന്ദ്രം അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എഎപി നേതാവ് അരവിന്ദ് കെജരിവാള്‍, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, എസ്പി നേതാവ് അഖിലേഷ് യാദവ് എന്നിവരും മമതാ ബാനര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സിബിഐ വ്യക്തമാക്കി. മമതയുടെ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ബിജെപി പ്രതികരിച്ചു.