Prathivaram
ആ രസതന്ത്രം വ്യക്തമായി

“മുത്തച്ഛന്‍ എന്താ ഇവിടെ തിരയുന്നത്?..” എന്നൊരു ചോദ്യത്തോടെയാണ് കഥാകാരി സാമൂഹികമായുള്ള നീചസ്ഥിതിയെ ഉണര്‍ത്തുന്നത്. തന്റെ റൂമില്‍ അനുവാദമില്ലാതെ കയറിയതിന് പ്രായമായ മുത്തച്ഛനോട് കൊച്ചുമകള്‍ അമ്മുവിന്റെ ദേഷ്യപ്രകടനമാണ് ആ ചോദ്യത്തില്‍ നിഴലിക്കുന്നത്. അയാള്‍ തന്റെ വീട്ടിനുള്ളില്‍ കണ്ണട തിരയാന്‍ ശ്രമിക്കുന്നതും വീട്ടിലുള്ള എല്ലാവരോടും കെഞ്ചുന്ന രൂപത്തില്‍ ചോദിക്കുന്നതുമാണ് രംഗം. കൊച്ചുമകനോടും കൊച്ചുമകളോടും മകളോടും എന്നുവേണ്ട കുഞ്ഞാവയോടു പോലും അയാള്‍ തന്റെ കണ്ണടയെ പറ്റി ചോദിക്കുന്നു.
വീട്ടിലെ മുതിര്‍ന്ന ആര്‍ക്കും അയാളുടെ കണ്ണടയെ പറ്റി യാതൊരു അറിവുമില്ല. അവസാനം കുഞ്ഞാവയുടെ അടുത്തും ഇതേ ചോദ്യം ആവര്‍ത്തിക്കുന്നൂ. മുത്തച്ഛനെ നോക്കി കണ്ണടയോ?… അതിന് മുത്തച്ഛന് കണ്ണട ഇല്ലല്ലോ? എന്ന് കുഞ്ഞുമോള്‍ അത്ഭുതപ്പെടുന്നു. നിറഞ്ഞ കണ്ണുകളോടെ അയാള്‍ കുഞ്ഞുമോളെ വാരിയെടുത്തു കുഞ്ഞുകവിളില്‍ ചുംബിക്കുന്നു. ഇങ്ങനെ ആ ചെറു കഥ അവസാനിക്കുന്നു. അഥവ, മുത്തച്ഛന് കണ്ണട ഉണ്ടായിരുന്നില്ലെന്നും കാഴ്ച മങ്ങിയത് അറിയാതെയാണ് കണ്ണട പരതിയതെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ കുഞ്ഞുമോള്‍ വേണ്ടിവന്നു എന്നതാണ് കഥയിലെ സന്ദേശം. അതുപോലും നോക്കാനോ ശ്രദ്ധിക്കാനോ കുടുംബത്തിലെ ആര്‍ക്കും സമയമില്ല.
മൊബൈല്‍ ഫോണിലും ടി വിയിലും എന്നുവേണ്ട സകലമാന ഇടങ്ങളിലും വ്യാപൃതമാകുമ്പോഴും സ്വന്തം വീട്ടിലെയോ മറ്റുള്ളവരുടെയോ കാര്യത്തില്‍ പോലും ഇടപഴകാനോ ശ്രദ്ധചെലുത്താനോ ഉള്ള മനസ്സ് ഇന്നത്തെ തലമുറ കാണിക്കുന്നില്ല. പ്രായാധിക്യം കൊണ്ട് മറവി സംഭവിച്ച സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലും പരിഗണിക്കാന്‍ പറ്റാത്ത അത്ര തിരക്കാണ് ഓരോരുത്തര്‍ക്കും. മാറിവരുന്ന സാഹചര്യത്തില്‍ ശ്രദ്ധയും പരിഗണനയും എത്രത്തോളം മനുഷ്യന്, പ്രത്യേകിച്ച് വയോധികര്‍ക്ക് ആവശ്യമാണെന്ന് വളരെ മനോഹരമായി കഥാകാരി വരച്ചിട്ടത് അഭിനന്ദനാര്‍ഹമാണ്. മാത്രമല്ല, വയോധികരും കുഞ്ഞുങ്ങളും തമ്മിലുള്ള രസതന്ത്രത്തെ ഭംഗിയായി ആവിഷ്‌കരിക്കുകയും ചെയ്തു.
.