Prathivaram
നിങ്ങള്‍ ക്യൂവിലാണ്

അതെ. ശരിയാണ്. ഞങ്ങള്‍ ക്യൂവിലാണ് വര്‍ഷങ്ങളായി; കൊടും തണുപ്പും ചൂടുമേറ്റ്. ഒച്ചിനെപ്പോലെ, പ്രസാധകശാലയിലേക്കു നീങ്ങുന്ന ക്യൂവില്‍ നിന്ന് എന്നാണ് മോചനമെന്ന് ദൈവത്തിനറിയാം. പ്രസാധകശാലയുടെ മട്ടുപ്പാവില്‍ പുതിയ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങ് നടക്കുമ്പോള്‍, ഞങ്ങളുടെ പുസ്തകം പ്രകാശനം ചെയ്യുന്നതുമോര്‍ത്ത് ക്യൂവില്‍ നിന്ന് സ്വപ്നലോകത്തേക്ക് അപ്പൂപ്പന്‍താടികളായി പറന്നുയരും. ഇന്നുമുണ്ടായിരുന്നു പുസ്തക പ്രകാശനം. പുസ്തകത്തിലെ ലേഖനങ്ങള്‍ ഈയടുത്ത് ആനുകാലികങ്ങളില്‍ വന്നവയാണെന്നറിഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വെളിച്ചം കണ്ട ഞങ്ങളുടെ സൃഷ്ടികളെ മറികടന്ന് ഇവയെങ്ങനെ പുസ്തകരൂപം പ്രാപിച്ചു എന്ന ആശങ്ക ക്യൂവിനെ ശബ്ദമുഖരിതമാക്കി.
പ്രിയരേ, ഈ ഗ്രന്ഥകര്‍ത്താവ് പ്രശസ്തനും അക്കാദമി നിര്‍വാഹകസമിതി അംഗവുമാണ്.”
അതിന് ഞങ്ങളുടെ സൃഷ്ടികളെന്തു പിഴച്ചു? ക്യൂവില്‍ ചോദ്യമുയര്‍ന്നു.
അപ്പോള്‍ പെണ്‍ശബ്ദം പ്രതിധ്വനികളോടെ വീണ്ടും മുഴങ്ങി.
ശാന്തരാവൂ… നിങ്ങള്‍ ക്യൂവിലാണ്.”
അതെ. നേരാണ്. എന്നോ തുടങ്ങിയ നില്‍പ്പാണിത്. ഞങ്ങളുടെ സൃഷ്ടികളുടെ കാലികത അണഞ്ഞില്ലാതായി കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ഞങ്ങളിലൊരുവനാണ് ആ പുസ്തകം കൊണ്ടുവന്നത്. പ്രസാധകശാലയില്‍ നിന്ന് പുറത്തിറങ്ങിയ പുതിയ പുസ്തകമായിരുന്നു അത്. അങ്ങനെയൊരു എഴുത്തുകാരിയെ കുറിച്ച് ഞങ്ങള്‍ക്കറിവേയുണ്ടായിരുന്നില്ല. അതേക്കുറിച്ച് അന്വേഷിച്ചു.
സുഹൃത്തേ, അവള്‍ സ്വന്തം ശരീരം വിറ്റ് ജീവിക്കുന്നവളാണ്. വേശ്യയുടെ അനുഭവങ്ങള്‍ ചൂടപ്പംപോലെ വിറ്റു കൊണ്ടിരിക്കുകയാണ്.”
അപ്പോള്‍ ഞങ്ങളുടെ പുസ്തകമിനി..? ക്യൂവില്‍ ദീര്‍ഘനിശ്വാസമുയര്‍ന്നു.
നിങ്ങള്‍ ക്യൂവിലാണ്.”
അതെ. ശരിയാണ്. ക്യൂ അങ്ങ് നീണ്ടുകിടപ്പാണ്. പലരും മടുപ്പോടെ മടങ്ങിപ്പോയി. ചിലരിപ്പോഴും അനക്കമറ്റു നില്‍ക്കുകയാണ്. ഇന്നുമൊരു പുസ്തക പ്രകാശനത്തിനുള്ള വേദിയൊരുങ്ങുന്നുണ്ട്. ക്യൂവില്‍ പിറകിലുള്ളവന്‍ പ്രസാധകശാലയിലേക്കു നടന്നുപോകുന്നു. അവനെ മട്ടുപ്പാവിലെ വേദിയില്‍ കണ്ടപ്പോള്‍ ഞങ്ങളുടെ കണ്ണുകള്‍ ഉരുണ്ടുതള്ളി. വിവരമെല്ലാമറിഞ്ഞപ്പോള്‍ ക്യൂ ഇളകി മറിയാന്‍ തുടങ്ങി.
പ്രശസ്ത നിരൂപകന്റെ അരുമശിഷ്യനാണ് ഈ യുവകവി. ശിഷ്യന്റെ പുസ്തകം ഗുരു പ്രകാശനം ചെയ്യുമ്പോള്‍ ഈ ചടങ്ങ് ധന്യമായി.”
ഇത് അനീതിയാണ്… ഇത് നേര്‍വഴിയല്ല… ക്യൂ ഉരുണ്ടുപിടഞ്ഞു.
പ്രിയരേ… വായനശാലകളുടെ പുസ്തകമേള ആറ് മാസം കഴിഞ്ഞാല്‍ വന്നെത്തുകയാണ്. നിരവധി പുസ്തകങ്ങള്‍ അന്ന് പുറത്തിറങ്ങും. ബഹളം വെക്കുന്നവര്‍ക്ക് സ്‌ക്രിപ്റ്റുകള്‍ വാങ്ങി മടങ്ങിപ്പോവാം.”
തുടര്‍ന്ന് പെണ്‍ശബ്ദം പ്രതിധ്വനികളോടെ മുഴങ്ങി.
ശാന്തരാവൂ… നിങ്ങള്‍ ക്യൂവിലാണ്…”
അതെ. ഞങ്ങള്‍ ക്യൂവിലാണ്. ആറ് മാസം കഴിഞ്ഞപ്പോള്‍ ക്യൂവില്‍ നിന്ന് രക്ഷപ്പെട്ടത് ഒരാള്‍ മാത്രം. ബാക്കി പുസ്തകങ്ങളെല്ലാം പിന്‍വാതിലിലൂടെ കയറിവന്നവയായിരുന്നു. അത് ക്യൂവില്‍ മുറുമുറുപ്പുയര്‍ത്തുന്നതിനിടയിലാണ് എല്ലാവരും ഒരു ചുവടു മുന്നോട്ടു നീങ്ങിയത്. ആരാണ് രക്ഷപ്പെട്ടത് എന്നറിയാനായി തലനീട്ടി നോക്കുമ്പോഴാണ് ഒരാള്‍ നെഞ്ചും പൊത്തിപ്പിടിച്ച് നിലത്തുകിടന്ന് പിടയുന്നത് കണ്ടത്. ഞങ്ങളെല്ലാം ചുറ്റുംകൂടി, വെള്ളം കൊടുക്കുന്നതിനിടയിലയാളുടെ ശ്വാസം നിലച്ചു. ഭാര്യയും മക്കളും മൃതദേഹം കൊണ്ടുപോകാനെത്തി.
ഈ മനുഷ്യനോട് എഴുത്ത് നിര്‍ത്താന്‍ എന്നോ പറഞ്ഞതാ.! കേട്ടില്ല.!”
ഒരാഹ്ലാദവും പപ്പക്കുണ്ടായിരുന്നില്ല. എന്നും എഴുത്തിനെ കുറിച്ചോര്‍ത്ത് നീറിപ്പിടഞ്ഞു.!”
എന്നിട്ടിപ്പോള്‍ എന്തു നേടി? പപ്പാ…!”
അപ്പോള്‍, പെണ്‍ശബ്ദം പ്രതിധ്വനികളോടെ മുഴങ്ങി.
ശാന്തരാവൂ… നിങ്ങള്‍ ക്യൂവിലാണ്…”
.