Connect with us

Prathivaram

അന്യപുരുഷന്മാര്‍ മയ്യിത്ത് കാണരുത്

Published

|

Last Updated

തൊണ്ണൂറ്റിയഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്ത് മരണപ്പെട്ട ബന്ധുവിനെ കാണാന്‍ ചെന്നപ്പോള്‍ അന്യപുരുഷന്മാര്‍ മയ്യിത്ത് കാണരുത് എന്ന മുന്നറിയിപ്പ് കണ്ട അനുഭവം പാലക്കാട് സ്വദേശിയായ ഒരാള്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. മരിച്ചയാളെ അവസാനമായി സന്ദര്‍ശിക്കാനെത്തുമ്പോള്‍ അവിടെയും ലിംഗപരമായ വ്യത്യാസങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിക്കുന്ന മതത്തോടാണ് പോസ്റ്റുകാരനും ചര്‍ച്ചയില്‍ ഭാഗമായവര്‍ക്കും പ്രശ്‌നം. പുള്ളിയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെ നീളുന്നു: “മരിച്ചത് സ്ത്രീയായാലും പുരുഷനായാലും കേവലം മയ്യിത്താണ് അഥവാ മൃതദേഹമാണ്. ആള്‍ക്കൂട്ടത്തിന്റെ നടുവില്‍ വെള്ളത്തുണി പുതപ്പിച്ച് കിടത്തിയ ഒരു മൃതദേഹത്തോട് ഒരു സ്ത്രീക്കായാലും പുരുഷനായാലും തോന്നുന്ന വികാരം സഹതാപമാണ്, ലൈംഗികതയല്ല. ലൈംഗികതയാണെന്ന് കരുതുന്നവരുടെ ഹൃദയങ്ങള്‍ക്ക് ബാധിച്ച രോഗത്തിന് മരുന്നില്ല. അവരെ മനുഷ്യത്വം പഠിപ്പിക്കുക എന്നത് മാത്രമാണ് പരിഹാരം.” മതം അനുസരിച്ച് ജീവിക്കുന്നവരും പഠിപ്പിക്കുന്നവരും മഹാപാതകം ചെയ്യുന്നേ എന്ന രീതിയിലേക്കാണ് സ്വാഭാവികമായും ചര്‍ച്ചകള്‍ പോയത്. “പഴഞ്ചന്മാരും ലോകം തിരിയാത്തവരും ലിംഗനീതി അറിയാത്തവരുമായ മതപുരോഹിതന്മാരുടെ” മേലായി സര്‍വ പ്രശ്‌നങ്ങളും. മയ്യിത്തിനെങ്കിലും ലിംഗനീതി ഉറപ്പുവരുത്താനുള്ള വാചകക്കസര്‍ത്തുകള്‍.

ഇതൊരു മതനിയമമാണ്. ഒരു സ്ത്രീയുടെ മുഖം അന്യ പുരുഷന്‍ കാണുന്നത് തെറ്റായി ഇസ്‌ലാം കാണുന്നു. ചില നിര്‍ബന്ധ സാഹചര്യത്തില്‍ ഇതിന് ഇളവുമുണ്ട്. ആപത്തില്‍ പെട്ട സ്ത്രീയെ രക്ഷിക്കാനെത്തുന്ന അന്യപുരുഷന്‍ ഇതില്‍ പെടും. മരണത്തിന് മുമ്പും ശേഷവും അന്യപുരുഷനാണെങ്കില്‍ ദര്‍ശനം പാടില്ല. ഇത് പുതിയ നിയമമാക്കി പണ്ഡിതന്മാര്‍ കൊണ്ടുവന്നതല്ല. തിരുനബി(സ്വ)യുടെ ജീവിത കാലത്തുതന്നെയുള്ളതാണ്. മുസ്‌ലിം സ്ത്രീ മരിച്ചാല്‍ അന്യപുരുഷനായ ഒരാളും മയ്യിത്ത് ദര്‍ശിച്ചില്ല. അറേബ്യയിലെ പഴഞ്ചന്‍ മതമൗലികവാദമാണിതെന്ന് നിരീക്ഷിക്കുന്നത് മതത്തെ അകലെ നിന്ന് മാത്രം നോക്കിക്കാണുന്നവര്‍ക്കുള്ള അജ്ഞതയാണ്. പ്രായപൂര്‍ത്തിയായത് മുതല്‍ മരണം വരെ ഒരു മുസ്‌ലിം സ്ത്രീ തന്റെ ശരീരം അന്യപുരുഷന്മാര്‍ക്ക് മുന്നില്‍ മറച്ചുവെച്ചു സൂക്ഷ്മത പാലിച്ചു എന്നതാണ് ഒരു വിശ്വാസി എന്ന നിലയില്‍ ഏറ്റവും വലിയ ആത്മാഭിമാനം. ഈ ആത്മാഭിമാനത്തിന്റെ പ്രതിഫലനമാണ് നബി തങ്ങളുടെ മകള്‍ ഫാത്വിമ ബീവിയുടെ ഈ വാക്കുകള്‍: “എന്റെ മയ്യിത്ത് പൊതിയുമ്പോള്‍ എന്റെ ശരീരത്തിന്റെ ആകാരം വെളിവാകുന്ന രൂപത്തില്‍ കഫന്‍ ചെയ്യരുത്. അന്യപുരുഷന്മാര്‍ കാണാതിരിക്കാന്‍ ഈന്തപ്പനയുടെ ഭാഗങ്ങള്‍ കൊണ്ടുവേണം പൊതിയാന്‍.”

അപ്പോള്‍ ഇന്ന് മരണവീടുകളില്‍ കാണുന്ന ഈ മുന്നറിയിപ്പുകള്‍ അന്നേയുള്ളതാണ്. അത് വിശ്വാസം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ അപേക്ഷയാണ്. മാന്യതയോടെ അത് അനുസരിക്കലാണ് മറ്റുള്ളവര്‍ക്ക് അഭികാമ്യം. അല്ലാതെ ഈ ലിംഗസമത്വവും ഫെമിനിസവും മരണവീടുകളില്‍ വര്‍ക്കൗട്ടാകില്ല. അതിന് പറ്റിയ സ്ഥലം സോഷ്യല്‍ മീഡിയ തന്നെ. എന്തും ഏതും വിളിച്ചുകൂവാന്‍ പാകത്തില്‍ അതിങ്ങനെ വിശാലമായി നീണ്ടുപരന്നു കിടപ്പുണ്ടല്ലോ. വിശ്വാസികളുടെ ജീവിതകാലത്തും മരണശേഷവും അങ്ങനെ പല നിയമങ്ങളുമുണ്ട്. അതൊക്കെ മഹാസംഭവമായി കാണുന്നവര്‍ അത്തരം നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണ്. കാലമിത്രയും വിശ്വാസികള്‍ ഇങ്ങനെയാണ് ജീവിച്ചത്. പണ്ടൊന്നും മരണവീടുകളില്‍ ഇങ്ങനെ അറിയിപ്പുകള്‍ ഉണ്ടായിരുന്നില്ലല്ലോ എന്ന് ചോദിച്ചാല്‍, അന്നൊക്കെ ആളുകള്‍ക്ക് അറിയിപ്പുകളുടെ ആവശ്യമുണ്ടായിരുന്നില്ല എന്നാണ് ഉത്തരം.

യാസര്‍ അറഫാത്ത് നൂറാനി

---- facebook comment plugin here -----

Latest