Connect with us

Editorial

തൊഴില്‍ മേഖലയെ മനഃപൂര്‍വം മറന്നു

Published

|

Last Updated

തൊഴിലെവിടെയെന്ന രാജ്യത്തെ യുവജനങ്ങളുടെ ചോദ്യത്തിനു മുമ്പില്‍ മോദി സര്‍ക്കാറിന്റെ അവസാന ബജറ്റിന് മൗനമാണ്. കൃഷി, ആരോഗ്യം, പ്രതിരോധം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളില്‍ വിവിധ പദ്ധതികളും വാഗ്ദാനങ്ങളും മുന്നോട്ടു വെക്കുന്ന ബജറ്റ് തൊഴില്‍രഹിതരെ മനഃപൂര്‍വം മറന്നു. പ്രതിവര്‍ഷം 2.5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അഞ്ച് വര്‍ഷത്തിനകം 12.5 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ പുതിയ തൊഴിലവസരങ്ങളില്‍ കാര്യമായ വര്‍ധന സൃഷ്ടിക്കാനായില്ലെന്നു മാത്രമല്ല, നോട്ട് നിരോധം സൃഷ്ടിച്ച സാമ്പത്തിക മുരടിപ്പും പ്രതിസന്ധിയും ഉള്ള തൊഴിലവസരങ്ങളും നഷ്ടപ്പെടാനിടയാക്കിയെന്നാണ് ഔദ്യോഗിക ഏജന്‍സികളുടെ തന്നെ പഠന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക് വന്‍ തോതില്‍ ഉയര്‍ന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിനു കീഴിലുള്ള നാഷനല്‍ സാംപിള്‍ സര്‍വേ ഓഫീസ് (എന്‍ എസ് എസ് ഒ) സര്‍വേ കണ്ടെത്തി. നോട്ട് നിരോധം നടപ്പില്‍ വന്ന 2017-18 കാലത്ത് തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനമായി ഉയര്‍ന്നതായും ഇത് കഴിഞ്ഞ 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം 2.2 ശതമാനം ആയിരുന്നു രണ്ടാം യു പി എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2011-12 കാലയളവില്‍. 2004-2005 കാലഘട്ടത്തെ അപേക്ഷിച്ച് വിദ്യാസമ്പന്നരിലാണ് ഇപ്പോള്‍ തൊഴിലില്ലായ്മ രൂക്ഷം. ഗ്രാമീണ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകളില്‍ 17.3 ശതമാനവും പുരുഷന്മാരില്‍ 10.5 ശതമാനവും തൊഴിലില്ലാത്തവരാണ്. 2004-05 മുതല്‍ 2011-12 വരെ യഥാക്രമം 3.5 ശതമാനം, 4.4 ശതമാനം എന്നിങ്ങനെയായിരുന്നു ഇവരുടെ നിരക്ക്. അഞ്ച് വര്‍ഷത്തിനിടയില്‍, 15നും 29നുമിടയില്‍ പ്രായമുള്ള ഗ്രാമീണ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ മൂന്നിരട്ടിയിലേറെയാണ് വര്‍ധിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ (എന്‍ എസ് സി) പരിശോധിച്ച് അംഗീകരിച്ചതാണ് നാഷനല്‍ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ ഈ റിപ്പോര്‍ട്ട്. എന്നാല്‍ പൊതുതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ റിപ്പോര്‍ട്ട് പുറത്തു വിട്ടാല്‍ ബി ജെ പിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ അത് പൂഴ്ത്തി വെച്ചതായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി സി മോഹനന്‍, കമ്മീഷന്‍ അംഗം ജെ വി മീനാക്ഷി എന്നിവര്‍ അടുത്ത ദിവസങ്ങളിലായി രാജിവെച്ചതോടെയാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നത്. റിപ്പോര്‍ട്ടിലെ വിവരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ വിശദീകരണം നല്‍കാനാകാതെ കണക്കുകള്‍ അന്തിമമല്ലെന്ന ന്യായീകരണവുമായി ഒഴിഞ്ഞു മാറുകയാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയവും നീതി ആയോഗും.

നോട്ട് നിരോധനം വലിയ തോതില്‍ തൊഴിലില്ലായ്മക്കു വഴിവെച്ചതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സി എം ഐ ഇ), രാജ്യാന്തര തൊഴില്‍ സംഘടന (ഐ എല്‍ ഒ), ലോകബേങ്ക് തുടങ്ങി മറ്റു ഏജന്‍സികളുടെ പഠനങ്ങളും റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നുണ്ട്. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലുള്ള 121 കോടി ജനങ്ങളില്‍ തൊഴിലെടുക്കാന്‍ പ്രാപ്തരായ 15 മുതല്‍ 59 വരെ പ്രായമുള്ളവരുടെ എണ്ണം 86 കോടി വരുമെന്നാണ് സി എം ഐ ഇ റിപ്പോര്‍ട്ട്. എന്നാല്‍ ഇവരില്‍ 52.88 ശതമാനം മാത്രമാണ് തൊഴില്‍ ചെയ്ത് വരുമാനം നേടുന്നവര്‍. ബാക്കി വരുന്ന 43.12 ശതമാനം പറയത്തക്ക തൊഴിലില്ലാത്തവരാണ്. പ്രതിവര്‍ഷം 1.56 കോടി പുതിയ തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ അനിവാര്യമാണെങ്കിലും വിപരീത സൂചനകളാണ് സാമ്പത്തിക മേഖലയില്‍ നിന്നു ലഭിക്കുന്നതെന്നാണ് ലോകബേങ്ക് റിപ്പോര്‍ട്ട്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മാത്രല്ല, നിലവില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കുറക്കുന്നതിലും സര്‍ക്കാറുകള്‍ പരാജയമാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കഴിഞ്ഞവര്‍ഷം മാത്രം ഒരു കോടി 22 ലക്ഷം പേരാണ് രാജ്യത്തെ ലേബര്‍ ഫോഴ്‌സില്‍ നിന്നു കുറഞ്ഞത്. ലോകത്തെ മൊത്തം തൊഴില്‍രഹിതരുടെ 9.76 ശതമാനവും ഇന്ത്യയിലാണെന്നാണ് രാജ്യാന്തര തൊഴില്‍ സംഘടനയുടെ (ഐ എല്‍ ഒ) കണക്ക്. തൊഴില്‍രഹിത സമൂഹത്തില്‍ 2017ല്‍ 1.83 കോടിയും 2018ല്‍ 1.86 കോടിയും പേര്‍ വര്‍ധിച്ചതായും 2019ല്‍ ഇത് 1.89 കോടിയായി ഉയരുമെന്നും ഐ എല്‍ ഒ നിരീക്ഷിക്കുന്നു.

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കലും ഭരണപരാജയങ്ങളും സാധാരണമാണ്. എന്നാല്‍ ഇത് ജനങ്ങളില്‍ നിന്നു മറച്ചു വെക്കാനായി കണക്കുകള്‍ പൂഴ്ത്തുന്നത് ജനങ്ങളോടുള്ള കൊടിയ വഞ്ചനയാണ്. മുന്‍ സര്‍ക്കാറുകളുടെ കാലഘട്ടങ്ങളിലും ഭരണത്തിന്റെ കോട്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അതൊന്നും പൂഴ്ത്തി വെക്കാറുണ്ടായിരുന്നില്ല. ബജറ്റിന്റെ മുന്നോടിയായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അവതരിപ്പിക്കപ്പെടുന്ന സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാറുകള്‍ക്ക് ഹിതകരമല്ലാത്ത വിവരങ്ങളുണ്ടാകാറുണ്ട്. അവ പാര്‍ലിമെന്റിന്റെയും നിയമസഭകളുടെയും മേശപ്പുറത്ത് വെക്കാനുള്ള ജനാധിപത്യ മര്യാദയാണ് ഇക്കാലമത്രയും സര്‍ക്കാറുകള്‍ കാണിച്ചത്. ഭരണകൂടത്തിന്് ഗുണകരമല്ലാത്ത റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തലും സാമ്പത്തിക വളര്‍ച്ച കാണിക്കാനായി കണക്കുകളില്‍ കൃത്രിമം കാണിക്കലുമെല്ലാം ബി ജെ പി സര്‍ക്കാറിന്റെ പതിവായിരിക്കുന്നു. വിമര്‍ശങ്ങളില്‍ നിന്നു ഒളിച്ചോടുകയല്ല, അതുള്‍ക്കൊണ്ട് ഭരണം നന്നാക്കാനുള്ള സന്നദ്ധതയാണ് ജനാധിപത്യ ഭരണകൂടങ്ങളില്‍ നിന്നുണ്ടാകേണ്ടത്.