കിവികളുടെ ചിറകൊടിച്ചു; ഇന്ത്യക്ക് 35 റണ്‍സ് ജയം, പരമ്പര 4-1ന് സ്വന്തമാക്കി

Posted on: February 3, 2019 11:41 am | Last updated: February 3, 2019 at 7:07 pm

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് 35 റണ്‍സ് ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. 253 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് 44.1 ഓവറില്‍ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹലിന്റെ ബൗളിംഗ് മികവിലാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. മുഹമ്മദ് ഷാമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റുമെടുത്തു. 44 റണ്‍സെടുത്ത നീഷമാണ് ടോപ് സ്‌കോറര്‍. നായകന്‍ കാന്‍ വില്ല്യംസണ്‍ 39, ടോം ലാഥം 37, കോളിന്‍ മണ്‍റോ 24 റണ്‍സെടുത്തു. അമ്പട്ടി റായിഡു കളിയിലെ താരമായും മുഹമ്മദ് ഷാമി പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു പന്ത് ബാക്കി നില്‍ക്കെ 252 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
രോഹിത് ശര്‍മ (രണ്ട്), ശിഖര്‍ ധവാന്‍ (ആറ്), ശുഭ്മാന്‍ ഗില്‍ (ഏഴ്), എം എസ് ധോണി (ഒന്ന്). 9.3 ഓവറില്‍ 18 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നടിഞ്ഞു. അവിടെ നിന്ന് അമ്പട്ടി റായിഡു (90), വിജയ് ശങ്കര്‍ (45), കേദാര്‍ ജാദവ് (34) എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. 113 പന്തില്‍ എട്ട് ബൗണ്ടറിയും നാല് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു റായിഡുവിന്റെ ഇന്നിംഗ്സ്. 64 പന്തില്‍ 45 റണ്‍െടുത്ത വിജയ് ശങ്കര്‍ റണ്ണൗട്ടായി.

പാണ്ഡ്യ എത്തിയതും അടിയോടടിയുമായിരുന്നു. വെറും 22 പന്തില്‍ അഞ്ച് സിക്സറുകളും രണ്ട് ബൗണ്ടറിയും സഹിതം ഹാര്‍ദിക് അടിച്ചുകൂട്ടിയത് 45 റണ്‍സ്. 49ാം ഓവറിന്റെ അവസാന പന്തില്‍ പാണ്ഡ്യയെ നീഷിമിന്റെ പന്തില്‍ ബോള്‍ട്ട് പിടിക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 248. ന്യൂസിലാന്‍ഡിനായി ഹെന്റി നാലും ബോള്‍ട്ട് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.