ഇരിങ്ങണ്ണൂര്‍ കുഞ്ഞിപ്പുര മുക്കില്‍ ബസ് മറിഞ്ഞ് പതിനേഴ് പേര്‍ക്ക് പരുക്ക്

Posted on: February 3, 2019 10:40 am | Last updated: February 3, 2019 at 10:40 am
ഇരിങ്ങണ്ണൂര്‍ കുഞ്ഞിപ്പുര മുക്കിലുണ്ടായ അപകടത്തില്‍ ബസ് തലകീഴായി മറിഞ്ഞ നിലയില്‍

നാദാപുരം: പെരിങ്ങത്തൂര്‍ നാദാപുരം സംസ്ഥാന പാതയില്‍ ഇരിങ്ങണ്ണൂര്‍ കുഞ്ഞിപ്പുര മുക്കില്‍ ചാക്കേരി മഠത്തില്‍ പള്ളിക്ക് സമീപം ബസ് സ്‌കൂട്ടറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പതിനേഴ് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് അപകടം.
രവി കുന്നുമ്മല്‍ നാദാപുരം, ജോസ് കല്ലുനിര, സനില (46) അഴിയൂര്‍, കൃഷ്ണ കുമാരി (78) ഇരിങ്ങണ്ണൂര്‍, സമീറ (38) ഇരിങ്ങണ്ണൂര്‍, റീന (43) പാനൂര്‍, ശിവന്യ (7) ഇരിങ്ങണ്ണൂര്‍, കുഞ്ഞിരാമന്‍ 55 നിരവില്‍ പുഴ, അബ്ദുല്ല മുടവന്തേരി, ഷഫിന്‍ (15) ഇരിങ്ങണ്ണൂര്‍, അയിഷ കടവത്തൂര്‍, ഹരിദാസ് (59) കോറോത്ത് റോഡ്, സൈമണ്‍ (57) തൃശ്ശൂര്‍ വിനീഷ് (32) ഭൂമിവാതുക്കല്‍ ആവോലം എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ചൊക്ലി മെഡിക്കല്‍ സെന്ററിലും തലശ്ശേരിയിലെ ആശുപത്രിയിലും ചികിത്സ തേടി.

തൊട്ടില്‍പ്പാലത്തു നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന കെ എല്‍ 18 ആര്‍ 1494 നമ്പര്‍ സ്വാതി ബസും കുഞ്ഞിപ്പുരമുക്ക് സ്വദേശിയുടെ കെ എല്‍ 18 എല്‍ 9147 സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് ബസ് പറമ്പിലേക്ക് പാഞ്ഞുകയറി തലകീഴായി മറിയുകയായിരുന്നു. സ്‌കൂട്ടര്‍ ബസിനിടയില്‍പ്പെട്ടു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ് നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. മണിക്കൂറുകളോളം സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ക്രെയിനും ജെ സി ബി യും ഉപയോഗിച്ച് മണിക്കുറുകളുടെ പരിശ്രമത്തിനൊടുവില്‍ ബസ് മാറ്റി ഗതാഗം പുനഃസ്ഥാപിച്ചു.