കുഞ്ഞനന്തന് അടിയന്തര ചികിത്സവേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Posted on: February 1, 2019 3:17 pm | Last updated: February 1, 2019 at 3:17 pm

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പികെ കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അടിയന്തിര ചികിത്സ നല്‍കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസ് റദ്ദാക്കി ജാമ്യം അനുവദിക്കണമെന്ന പികെ കുഞ്ഞനന്തന്റെ ഹരജിയില്‍ നിലപാട് അറിയിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അതേ സമയം കുഞ്ഞനന്തന്റെ യഥാര്‍ഥ അസുഖമെന്താണെന്ന് സര്‍ക്കാറിനോട് ആരാഞ്ഞ കോടതി ജയിലില്‍ കിടക്കുന്നതിനുള്ള തടസമെന്തെന്നും ചോദിച്ചു.

കുഞ്ഞനന്തന് നടക്കാനാകാത്ത അവസ്ഥയാണെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ ജയിലില്‍ സുഖമായി കിടക്കാമല്ലോയെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. ജയിലില്‍ കൂടുതല്‍ കൂടുതല്‍ ദിവസം ഉണ്ടായിരുന്നില്ലെന്നാണ് അറിഞ്ഞതെന്നും കോടതി പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജയില്‍പ്പുള്ളികള്‍ക്ക് രോഗം വന്നാല്‍ പരോളല്ല ചികിത്സയാണ് നല്‍കേണ്ടതെന്ന് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന കുഞ്ഞനന്തന്‍ 29 മാസത്തിനിടെ 216 ദിവസം പരോളിലായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കിയിരുന്നു.