ഭാര്യയെ ആക്രമിക്കാന്‍ വന്ന കാട്ടുപന്നിയെ അടിച്ചുകൊന്ന വിമുക്ത ഭടനെതിരെ കേസ്

Posted on: January 28, 2019 3:20 pm | Last updated: January 28, 2019 at 3:20 pm

പേരാമ്പ്ര: വീട്ടു പരിസരത്ത് തുണി അലക്കിക്കൊണ്ടിരുന്ന വീട്ടമ്മയെ അക്രമിക്കാന്‍ പാഞ്ഞടുത്ത കാട്ടുപന്നിയെ അടിച്ചുകൊന്ന സംഭവത്തില്‍ ഭര്‍ത്താവിനെതിരെ വനം വകുപ്പ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധം ശക്തം.
ചക്കിട്ടപാറ മുതുകാട്ടില്‍ കഴിഞ്ഞ 19 നാണ് സംഭവം. പ്രദേശത്തെ ഒരു കര്‍ഷകന്റെ കൃഷിയിടത്തിലെ കിണറ്റില്‍ കാട്ടുപന്നി വീണതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം. പെരുവണ്ണാമൂഴി വനം വകുപ്പിനെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി പന്നിയെ കരക്കു കയറ്റുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥരെ വെട്ടിച്ചു കാട്ടുപന്നി രക്ഷപെടുകയായിരുന്നു. ഇതനിടയിലാണ് വീട്ടമ്മയെ ആക്രമിക്കാന്‍ തുനിഞ്ഞത്. ഇതു കണ്ടു തടയാന്‍ ശ്രമിച്ച ഭര്‍ത്താവ് കൊമ്മറ്റത്തില്‍ വിമുക്തഭടന്‍ ജയിംസിന് കൈയ്യില്‍ കിട്ടിയത് വീട്ടുമുറ്റത്തുണ്ടായിരുന്ന കോടാലിയാണ്. ഇതു കൊണ്ടടിച്ചു വീഴ്ത്തുകയായിരുന്നു.

പന്നിയെ അന്വേഷിച്ചു പിന്നാലെയെത്തിയ വനം വകുപ്പധികൃതര്‍ വിവരമറിഞ്ഞു. പന്നിയുടെ ജഢം വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ വനപാലകര്‍ ജയിംസിനെയും ഒപ്പം കൂട്ടി. പോകാന്‍ കൂട്ടാക്കാതിരുന്ന ജയിംസിനെ, ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ ആരായാലും ചെയ്തു പോകുന്ന കാര്യമേ ചെയ്തിട്ടുള്ളുവെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു.
വനപാലകരെ വിശ്വസിച്ചു അദ്ദേഹം ഒപ്പം പോയി. വീട്ടില്‍ അന്ന് വൈകീട്ടു നടക്കുന്ന ഒരു ചടങ്ങില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ 21 നു ഹാജരാകണമെന്ന നിബന്ധനയോടെ ജയിംസിനെ പോകാന്‍ അനുവദിച്ചു. എന്നാല്‍ ഇദ്ദേഹം പറഞ്ഞ തിയ്യതിക്ക് ഹാജരായില്ല.

ഇതിനിടയില്‍ കാട്ടു പന്നിയെ ആക്രമിച്ചു കൊന്നെന്ന കുറ്റം ചുമത്തി കേസെടുക്കാന്‍ വനപാലകര്‍ നീക്കം നടത്തുന്ന കാര്യം ജയിംസറിഞ്ഞു. ഇദ്ദേഹത്തെ പിടിക്കാനായി നിയമ പാലകര്‍ വീടു വളഞ്ഞെങ്കിലും കണ്ടെത്താനായില്ല. സംഭവത്തെക്കുറിച്ചു വിവരം തിരക്കിയപ്പോള്‍ അയാളെ കാണാനില്ലെന്നും കാട്ടുപന്നിയെ കൊന്നതിനു ജെയിംസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഡപ്യൂട്ടി റെയ്ഞ്ചര്‍ പറഞ്ഞു.

മാസങ്ങള്‍ക്കു മുമ്പ് തയ്യില്‍ ജയ് മോനെന്ന യുവാവിനെ കേസില്‍ കുരുക്കിയ മാതൃകയില്‍ മറ്റൊരു കര്‍ഷകനെ കൂടി കേസില്‍ കുടുക്കി വലക്കാനാണു വനപാലകര്‍ ശ്രമിക്കുന്നതെന്നു കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറി രാജന്‍ വര്‍ക്കി ആരോപിച്ചു. കാട്ടുപന്നിയെ ജനവാസ കേന്ദ്രത്തില്‍ വിട്ട വനപാലകര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നും സ്വന്തം ഭാര്യയെ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച ഭര്‍ത്താവു കുറ്റാരോപിതനായി ഒളിവില്‍ കഴിയേണ്ടി വരുന്നത് നീതികരിക്കാനാവില്ലെന്നും ചില രാഷ്ട്രീയ നേതാക്കള്‍ സംഭവത്തില്‍ മുതലെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കര്‍ഷകസംഘടനകള്‍ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്നും രാജന്‍ വര്‍ക്കി ആവശ്യപ്പെട്ടു.