അത്യപൂര്‍വ നേട്ടവുമായി കെ എസ് ആര്‍ ടി സി; സ്വന്തം വരുമാനത്തില്‍ നിന്ന് ജനുവരിയിലെ ശമ്പളം

Posted on: January 27, 2019 6:16 pm | Last updated: January 28, 2019 at 10:26 am

തിരുവനന്തപുരം: 25 വര്‍ഷത്തിനു ശേഷം സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാനൊരുങ്ങി കെ എസ് ആര്‍ ടി സി. വായ്പയെടുക്കാതെയും സര്‍ക്കാര്‍ സഹായം ആവശ്യപ്പെടാതെയുമാണിത്. 2019 ജനുവരി മാസത്തെ വേതനമാണ് സര്‍വീസ് നടത്തിക്കിട്ടിയ വരുമാനത്തില്‍ നിന്നു മാത്രം നല്‍കുന്നത്. കഴിഞ്ഞ മാസം വരെ 20-50 കോടി രൂപയുടെ ധനസഹായം സ്വീകരിച്ചും അതിനു മുമ്പ് 50 കോടി രൂപയിലധികം ബേങ്ക് വായ്പയെടുത്തുമായിരുന്നു ശമ്പളം നല്‍കിയിരുന്നത്.

ശബരിമല സര്‍വീസിലൂടെയാണ് ഈ മാസം കോര്‍പറേഷന്‍ വലിയൊരു തുക സ്വരൂപിച്ചത്. 45.2 കോടിയുടെ വരുമാനമാണ് ഇതില്‍ നിന്നു മാത്രമായി ലഭിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 30 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

നിലവില്‍ കെ എസ് ആര്‍ ടി സിയില്‍ 31,270 സ്ഥിരം ജീവനക്കാരും 3926 എംപാനല്‍ താത്കാലിക ജീവനക്കാരുമുണ്ട്. 15000 മുതല്‍ 1,50,000 രൂപ വരെയാണ് ഇവര്‍ക്ക് പ്രതിമാസ ശമ്പളമായി നല്‍കുന്നത്. 90 കോടി രൂപയാണ് കോര്‍പറേഷന് ഒരു മാസം ശമ്പളത്തിനും അലവന്‍സിനുമായി വേണ്ടിവരുന്നത്.