അസഹ്യമായ നാറ്റം; അഞ്ച് ദിവസത്തിന് ശേഷം പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ യുവതിയുടെ മൃതദേഹം

Posted on: January 27, 2019 2:46 pm | Last updated: January 27, 2019 at 2:47 pm

ഗുഡ്ഗാവ്: റൂമില്‍ എന്തോ ചീഞ്ഞുനാറുന്നത് അയാള്‍ ആദ്യം കാര്യമാക്കിയില്ല. വെന്റിലേഷന്‍ കുറവായതിനാലോ എവിടെയെങ്കിലും എലി ചത്തതിനാലോ ആകും മണമെന്നാണ് കരുതിയത്. എന്നാല്‍ അഞ്ചാം ദിവസം നാറ്റം സഹിക്കവയ്യാതായപ്പോള്‍ അയാള്‍ കട്ടില്‍ പരിശോധിച്ചു. അപ്പോഴാണ് കട്ടിലിലെ പെട്ടിയില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. അതും അഞ്ച് ദിവസം മുമ്പ് കാണാതായ, തൻെറ ഡ്രൈവറുടെ ഭാര്യയുടെ മൃതദേഹം!. ഗുഡ്ഗാ9വിലാണ് സംഭവം അരങ്ങേറിയത്.

ദിനേശ് കുമാര്‍ എന്ന 46കാരനാണ് ദുരനുഭവമുണ്ടായത്. തേയില വ്യാപാരിയായ ഇദ്ദേഹം നാട്ടില്‍ പോയി കഴിഞ്ഞയാഴ്ചയാണ് ഗുഡ്ഗാവിലെ മുറിയില്‍ തിരിച്ചെത്തിയത്. തിരിച്ചെത്തിയപ്പോള്‍ തന്നെ നാറ്റം അനുഭവപ്പെട്ടിരുന്നു. പക്ഷേ കാര്യമാക്കിയില്ല. ഒടുവില്‍ നാറ്റം സഹിക്കവയ്യാതെ ശ്വാസംമുട്ടിയപ്പോഴാണ് അദ്ദേഹം കട്ടില്‍ പരിശോധിച്ചത്. സംഭവം കണ്ട് ഭയചകിതനായ ദിനേശ് കുമാര്‍ ഉടന്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാണാതായ യുവതിയുടെതാണ് മൃതദേഹം എന്ന് കണ്ടെത്തിയത്.

ദിനേശിന്റെ ഓട്ടോ ഡ്രൈവറായ രാജേഷ് കുമാറിന്റെ ഭാര്യ ബബിത (30)യാണ് കൊല്ലപ്പെട്ടത്. ബബിതയെ കാണാതായതായി പരാതിയുണ്ടായിരുന്നു. ഇതിന് ശേഷം രാജേഷും സ്ഥലത്തുണ്ടായിരുന്നില്ല. ഭാര്യയെ സംശയിച്ച് രാജേഷ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ബബിതയുടെ രണ്ടാം വിവാഹമാണിത്. ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ തമ്മില്‍ വിവാഹിതരായത്. ആദയ ബന്ധത്തില്‍ ബബിതക്ക് അഞ്ച് മക്കളുമുണ്ട്.

ദിനേശിന്റെ മുറിയുടെ തൊട്ടടുത്തായിരുന്നു രാജേഷും ബബിതയും താമസിച്ചിരുന്നുത്. തുടര്‍ന്ന് രാജേഷിനെ തന്റെ ഡ്രൈവറായി ദിനേശ് നിയമിക്കുകയായിരുന്നു. ദിനേശിന്റെ മുറിയുടെ മറ്റൊരു ചാവി രാജേഷിന്റെ കൈവശമുണ്ടായിരുന്നു. ഇക്കഴിഞ്ഞ 21നാണ് കൊലപാതകം നടന്നത്.