Connect with us

National

പ്രളയത്തില്‍ രക്ഷകരായവര്‍ക്ക് ധീരതക്കുള്ള പുരസ്‌കാരം; അഭിലാഷ് ടോമിക്ക് നവ്‌സേന മെഡല്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സൈനിക-പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലുണ്ടായ പ്രളയത്തിലകപ്പെട്ട കൈക്കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയ വ്യോമസേനയിലെ ഗരുഡ് കമാന്‍ഡോ പ്രശാന്ത് നായര്‍ക്ക് ധീരതക്കുള്ള വായുസേന മെഡല്‍ ലഭിച്ചു.
പ്രളയബാധിത മേഖലയില്‍ നിന്ന് രണ്ട് ഗര്‍ഭിണികളെ രക്ഷപ്പെടുത്തിയ സൈനികരെയും വഹിച്ചുള്ള ഹെലികോപ്ടര്‍ പറത്തിയ കമാന്‍ഡര്‍ വിജയ് വര്‍മക്കും പായ്‌വഞ്ചിയില്‍ ലോകം ചുറ്റുന്നതിനിടെ അപകടത്തിലകപ്പെട്ട കമാന്‍ഡര്‍ അഭിലാഷ് ടോമിക്കും ധീരതക്കുള്ള നവ്‌സേനാ മെഡല്‍ ലഭിച്ചു.

വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡ് മേധാവിയും കണ്ണൂര്‍ കാടാച്ചിറ സ്വദേശിയുമായ എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ പരംവിശിഷ്ട് സേവാ മെഡല്‍ അര്‍ഹനായി. ഫ്രാന്‍സില്‍ പോയി റഫാല്‍ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ നടത്തിയ രഘുനാഥിന് രണ്ടു തവണ അതിവിശിഷ്ട സേവാ മെഡലും വായുസേനാ മെഡലും ലഭിച്ചിട്ടുണ്ട്.

കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് പരംവിശിഷ്ട സേവാ മെഡലും ഭീകരവാദം ഉപേക്ഷിച്ച് സൈന്യത്തില്‍ ചേര്‍ന്ന് ഭീകരര്‍ക്കെതിരായ പോരാട്ടത്തിനിടെ വീരമൃത്യു വരിച്ച ലാന്‍സ് നായിക് അഹമ്മദ് വാണിക്ക് അശോകചക്രവും ലഭിച്ചു.

കേരളത്തില്‍ നിന്ന് എട്ട് മലയാളികള്‍ രാഷട്രപതിയുടെ മെഡലിന് അര്‍ഹരായി. ഡല്‍ഹിയില്‍ നടക്കുന്ന റിപബ്ലിക് ദിന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.

Latest