കൂളിമാട് പാലത്തിനു ടെന്‍ഡര്‍ നടപടിയായി

Posted on: January 20, 2019 12:24 pm | Last updated: January 20, 2019 at 12:24 pm

മാവൂര്‍: മലപ്പുറം- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിനു കുറുകെ കൂളിമാടില്‍ നിര്‍മിക്കുന്ന പാലത്തിന് ടെന്‍ഡര്‍ നടപടി തുടങ്ങി. ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഫെബ്രുവരി 11ന് മൂന്ന് മണിക്കാണ് ടെന്‍ഡര്‍ ലഭിക്കേണ്ട അവസാനസമയം. ഫെബ്രുവരി 15ന് രാവിലെ 11ന് ടെന്‍ഡര്‍ തുറന്ന് പരിശോധിക്കും.
രണ്ട് വര്‍ഷം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. പാലം നിര്‍മാണത്തിന് ബജറ്റില്‍ 25 കോടി അനുവദിച്ചിരുന്നു. സ്ഥലം അക്വിസിഷനും പാലം നിര്‍മാണത്തിനുവേണ്ടി 21.5 കോടിയും രണ്ട് ജില്ലകളിലായുള്ള അപ്രോച്ച് റോഡുകള്‍ക്ക് 4.25 കോടിയുമാണ് കിഫ്ബി അനുവദിച്ചത്. ഡിസംബര്‍ ആദ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന കിഫ്ബി സാങ്കേതിക വിദഗ്ധ സമിതി പാലത്തിന് സേങ്കതികാനുമതി നല്‍കിയിരുന്നു.
കൂളിമാട്കടവില്‍ പാലത്തിനുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിവിധ കാരണങ്ങളാല്‍ പാലം നിര്‍മാണം നീണ്ടുപോയതിനെ തുടര്‍ന്ന് നാട്ടുകാര്‍ നിരവധി പ്രക്ഷോഭം നടത്തിയിരുന്നു. ചാലിയാറിനു കുറുകെ തോണികള്‍ നിരത്തി നടത്തിയ സമര പാലം ശ്രദ്ധ നേടിയിരുന്നു. ജനകീയ സമരസമിതി ഡിസംബറില്‍ കൂളിമാട്ട് ജനകീയ സദസ്സും സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയുടെ ഭാഗത്തെ അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം 2012ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ മലപ്പുറം ജില്ലയുടെ ഭാഗത്തെ നൂറ് മീറ്റര്‍ റോഡിനു വേണ്ടിയുള്ള സ്ഥലമെടുപ്പ് വൈകി. കൂളിമാട്കടവില്‍ പാലം യാഥാര്‍ഥ്യമായാല്‍ കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് കരിപ്പൂര്‍ വിമാനത്താവളം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലേക്കും മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ്, വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാനാകും.