Connect with us

National

'മൃതദേഹമെങ്കിലും കണ്ടെടുത്തു തരൂ'

Published

|

Last Updated

ഖനിയില്‍ അകപ്പെട്ട ഒരു തൊഴിലാളിയുടെ മൃതദേഹം

ഷില്ലോംഗ്: സംസ്‌കരിക്കുന്നതിന് വേണ്ടി തങ്ങളുടെ ഉറ്റവരുടെ മൃതദേഹമെങ്കിലും പുറത്തെടുത്ത് തരണമെന്ന് മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളുടെ ബന്ധുക്കള്‍. ദുരന്തം നടന്ന് ഒരു മാസത്തിന് ശേഷം കഴിഞ്ഞ ദിവസം ഒരു തൊഴിലാളിയുടെ മൃതദേഹം നാവികസേനയുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പ്രതീക്ഷകള്‍ അസ്തമിച്ച ബന്ധുക്കള്‍ മൃതദേഹമെങ്കിലും കണ്ടെടുത്തുതരണമെന്ന അഭ്യര്‍ഥന അധികൃതര്‍ക്ക് മുന്നില്‍ വെച്ചത്. ആധുനിക റിമോട്ട് സംവിധാനം ഉപയോഗിച്ച് നാവിക സേന നടത്തിയ തിരച്ചിലിലാണ് ഖനിയുടെ 60-210 അടിക്കുള്ളില്‍ നിന്ന് ഒരു തൊഴിലാളിയുടെ മൃതദേഹത്തിന്റെ ചിത്രം ശേഖരിച്ചത്. ബന്ധുക്കളുടെ അനുവാദം വാങ്ങിയ ശേഷം ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ മാത്രമേ മൃതദേഹം ഖനിക്ക് പുറത്തെത്തിക്കുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസം നാവിക സേന വ്യക്തമാക്കിയിരുന്നു.
അഴുകിയ മൃതദേഹം പുറത്തെത്തിക്കല്‍ അതീവ ശ്രമകരമാണെന്നതിനാലാണ് നാവിക സേന ഈ നിലപാടറിയിച്ചത്. എന്നാല്‍, സുപ്രീം കോടതി നേരത്തേ പറഞ്ഞ പോലെ, മൃതദേഹമെങ്കിലും പുറത്തെത്തിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ഖനിയില്‍ കുടുങ്ങിയ തൊഴിലാളിയുടെ സഹോദരന്‍ മാലിക് അലി പറഞ്ഞു. ഒരു മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും തിരിച്ചറിയാന്‍ ഇതുവരെ സാധിച്ചിട്ടില്ല.