Connect with us

Kerala

പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ ഉടന്‍ യാഥാര്‍ഥ്യമാകും: കെ ടി ജലീല്‍

Published

|

Last Updated

കോഴിക്കോട്: പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. ഓരോ രാജ്യത്തും ലീഗല്‍ അഡൈ്വസര്‍മാരെ കണ്ടെത്തുന്ന പ്രക്രിയ അന്തിമഘട്ടത്തിലാണ്. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദേശത്ത് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് രൂപം നല്‍കിയ സ്വപ്നസാഫല്യം പദ്ധതി വഴി അത്തരക്കാരെ വിമാന ടിക്കറ്റ് നല്‍കി തിരിച്ചെത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. നാടിനായി വലിയ സംഭാവനകള്‍ നല്‍കിയ പ്രവാസികളോട് നീതികാണിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും പ്രവാസികളെ വേണം. എന്നാല്‍ പ്രവാസികളുടെ ആവശ്യങ്ങളെല്ലാം കടലാസില്‍ ഒതുങ്ങുകയാണ് പതിവ്. ഇതിന് മാറ്റം വരുത്താന്‍ ഇടതുപക്ഷ സര്‍ക്കാറിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

തിരിച്ചുവരുന്ന പ്രവാസികള്‍ക്കുള്ള സാന്ത്വനം പദ്ധതിയില്‍ ഈ വര്‍ഷം 15 കോടി സഹായം നല്‍കി. പ്രവാസി പുനരധിവാസ പദ്ധതിയില്‍ പന്ത്രണ്ടര കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ചെലവഴിച്ചത്. മധ്യേഷ്യയിലേക്കുള്ള വിമാന നിരക്കില്‍ കുറവ് വരുത്തേണ്ടതുണ്ട്. ഇതിനായി ഒമാന്‍ എയറുമായി ഉണ്ടാക്കിയ കരാറനുസരിച്ച് നോര്‍ക്ക കാര്‍ഡുള്ളവര്‍ക്ക് ചാര്‍ജില്‍ ഏഴ് ശതമാനം ഇളവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.