ചൂട് താങ്ങാനായില്ല; ചന്ദ്രനില്‍ ചൈന മുളപ്പിച്ച പരുത്തിച്ചെടി ഉണങ്ങി

ചന്ദ്രോപരിതലത്തില്‍ പതിക്കുന്ന സൂര്യപ്രകാശത്തെ ഭൂമിയിലേത് പോലതന്നെ പരുത്തിച്ചെടി അതിജീവിച്ചു. എന്നാല്‍ ചന്ദ്രന്റെ പ്രകാശത്തിന്റെ ചൂട് ചെടിക്ക് അതിജീവിക്കാനായില്ല. ചൂട് 170 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതോടെ ചെടി കരിഞ്ഞുണങ്ങുകയായിരുന്നു
Posted on: January 17, 2019 7:23 pm | Last updated: January 18, 2019 at 10:32 am

ബീജിംഗ്: ചന്ദ്രനില്‍ ചൈന മുളപ്പിച്ച പരുത്തിച്ചെടി ഉണങ്ങി. ചന്ദ്രോപരിതലത്തിലെ അസഹ്യമായ ചൂട് സഹിക്കാനാകാതെയാണ് മുളച്ച് 24 മണിക്കൂറിനകം ചെടി ഉണങ്ങിയത്.

ചന്ദ്രോപരിതലത്തില്‍ പതിക്കുന്ന സൂര്യപ്രകാശത്തെ ഭൂമിയിലേത് പോലതന്നെ പരുത്തിച്ചെടി അതിജീവിച്ചു. എന്നാല്‍ ചന്ദ്രന്റെ പ്രകാശത്തിന്റെ ചൂട് ചെടിക്ക് അതിജീവിക്കാനായില്ല. ചൂട് 170 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതോടെ ചെടി കരിഞ്ഞുണങ്ങുകയായിരുന്നു.

ചെടി കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഉണങ്ങുവാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ചോങ്കിംഗ് യൂനിവേഴ്‌സിറ്റിയിലെ ഷീ ജെനെക്‌സിന്‍ പറഞ്ഞു. ചന്ദ്രന്റെ പ്രകാശത്തെ ജീവജാലങ്ങള്‍ക്ക് അതിജീവിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രന്റെ ഇരുണ്ട ഭാഗത്തിന്റെ രഹസ്യം തേടി ചൈന അയച്ച ചാംങ് 4 പേടകത്തിലാണ് പരുത്തിക്കുരു മുളച്ചത്. മണ്ണിലാക്കി പേടകത്തില്‍ വെച്ചിരുന്ന കുരു ഒന്‍പത് ദിവസംകൊണ്ട് മുളച്ചുപൊങ്ങി. ചരിത്രത്തില്‍ ആദ്യമായാണ് ചന്ദ്രനില്‍ ഒരു ചെടി മുളപ്പിക്കുന്നത്.