അപകടകരമായ വീഡിയോകള്‍ക്ക് യൂ ട്യൂബില്‍ നിരോധം

Posted on: January 17, 2019 1:25 pm | Last updated: January 17, 2019 at 1:25 pm

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് സംവിധാനമായ യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. അപകടകരമായ വീഡിയോകള്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്യരുതെന്നും കടുത്ത ചലഞ്ചുകള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ ദൃശ്യങ്ങള്‍ ഏറെ അപകടമുണ്ടാക്കുന്നുവെന്നും കമ്പനി അറിയിച്ചു.

കമ്പനി അപകടകരമായ നിരവധി വീഡിയോകള്‍ ഇതില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അലക്കുസോപ്പ് പല്ലുകൊണ്ട് കടിക്കുക, കണ്ണുകള്‍ തുണിക്കൊണ്ട് കെട്ടി വാഹനമോടിക്കുക തുടങ്ങിയ നിരവധി ചാലഞ്ച് വീഡിയോകള്‍ യൂ ട്യൂബില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് നിരവധി പേരുടെ ജീവന് ഭീഷണിയാകുന്നതായും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. ഇനി മുതല്‍ മരണ കാരണമായേക്കാവുന്ന ചലഞ്ചുകള്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

വ്യാജമായി നിര്‍മിക്കുന്ന ചാലഞ്ച് വീഡിയോകളാണ് പലപ്പോഴും ആളുകള്‍ യൂ ട്യൂബില്‍ നല്‍കുന്നത്. ഇത് യാഥാര്‍ഥ്യമാണെന്ന ചിന്തയില്‍ കാണുന്നവര്‍ അനുകരിക്കുകയും അപകടം വിളിച്ചുവരുത്തുകയും ചെയ്യുന്നു. രസകരമായതും തമാശനിറഞ്ഞതുമായ വീഡിയോകളുടെ മറപറ്റി അപകടകരമായ വീഡിയോകള്‍ നല്‍കുന്നത് അനുവദിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.