ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ശുദ്ധികലശം; കാള്‍ ലോഗ്, എസ്എംഎസ് പെര്‍മിഷന്‍ ആവശ്യമായ ആപ്പുകള്‍ ഒഴിവാക്കിത്തുടങ്ങി

Posted on: January 16, 2019 8:24 pm | Last updated: January 16, 2019 at 8:24 pm

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ കര്‍ശന നടപടികളുമായി ഗൂഗിള്‍. ഇതിന്റെ ഭാഗമായി ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ സംശയാസ്പദമായ ആപ്പുകള്‍ ഒഴിവാക്കാന്‍ ഒരുങ്ങുകയാണ് ഇന്റര്‍നെറ്റ് ഭീമന്‍. ഉപഭോക്താക്കളുടെ കാള്‍ ലോഗും, എസ്എംഎസും വായിക്കുന്നതിനുള്ള അനുമതി ആവശ്യമായ ആപ്പുകളാണ് ഒഴിവാക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ ആപ്പുകളും ഒഴിവാക്കില്ല. പകരം ഉപഭോക്താക്കളുടെ വിവരം ചോര്‍ത്തുന്നുവെന്ന് സംശയിക്കപ്പെടുന്ന ആപ്പുകള്‍ക്കാകും പിടിവീഴുക. പ്രൊജക്ട് സ്‌റ്റ്രോബ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഗൂഗിളിന്റെ ശുദ്ധികലശം.

യഥാര്‍ഥ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്ക് അത്തരം ഡാറ്റയിലേക്ക് ഗൂഗിള്‍ ആക്‌സസ് അനുവദിക്കും. ഇതിനായി ഡെവലപ്പര്‍മാര്‍ പെര്‍മിഷന്‍ ഡിക്ലറേഷന്‍സ് ഫോം സബ്മിറ്റ് ചെയ്യണം. ഇക്കാര്യം നേരത്തെ തന്നെ എല്ലാ ഡെവലപ്പര്‍മാരെയും ഇമെയില്‍ മുഖാന്തിരം അറിയിച്ചിരുന്നു. 90 ദിവസത്തിനുള്ളില്‍ ഫോം സബ്മിറ്റ് ചെയ്യുവാനാണ് ആവശ്യപ്പെട്ടിരുന്നുത്. ഈ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നത്.