കേരളം ഒന്നും ചെയ്യുന്നില്ല എന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനം തെറ്റെന്ന് തെളിയിച്ചു: മുഖ്യമന്ത്രി

Posted on: January 15, 2019 5:15 pm | Last updated: January 15, 2019 at 5:53 pm

കൊല്ലം: കേരളം ഒന്നും ചെയ്യുന്നില്ല എന്ന പ്രധാനമന്ത്രിയുടെ വിമര്‍ശനത്തിന് വികസന പ്രവര്‍ത്തനത്തിലൂടെ മറുപടി നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എൽഡിഎഫസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ, കേരളം ഒന്നും ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി സ്‌നേഹബുദ്ധ്യാ വിമർശിച്ചിരുന്നു. ഈ വിമര്‍ശനത്തെ വികസനത്തിലൂടെ മാറ്റിമറിക്കാന്‍ സാധിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതെന്നും അതിന് എല്ലാവരോടും നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ മുഖ്യമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ ബഹളം വെച്ചവരെ അദ്ദേഹം താക്കീത് ചെയ്തു. ചിലർ ശബ്ദമുണ്ടാക്കാനായി മാത്രം വന്നിട്ടുണ്ടെന്നും പൊതുയോഗം എന്തും കാണിക്കാനുള്ള വേദിയാണെന്ന് ധരിക്കരുതെന്നും പിണറായി പറഞ്ഞു. ഇതോടെ സദസ്സിൽ ബഹളവും നിലച്ചു.