അകക്കാഴ്ചയില്‍ അഞ്ച് ഭാഷകളില്‍ പരിജ്ഞാനം നേടി മെഹക്ക്

Posted on: January 14, 2019 9:06 pm | Last updated: January 14, 2019 at 9:06 pm

മലപ്പുറം: അകക്കണ്ണിന്റെ വെളിച്ചത്തില്‍ അഞ്ച് ഭാഷകളില്‍ പരിജ്ഞാനം നേടിയിരിക്കുകയാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനി എസ് മെഹക്ക്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, ഉറുദു, കന്നഡ എന്നീ ഭാഷകളാണ് ചെറുപ്രായത്തില്‍ തന്നെ സ്വയത്തമാക്കിയിരിക്കുന്നത്.
ഈ ഭാഷകളിലെല്ലാം സംസാരിക്കാനും എഴുതാനുമെല്ലാം എളുപ്പത്തില്‍ കഴിയുന്നുണ്ട് ബെംഗളൂരു സ്വദേശികളായ പാഷ- ഹസീന ദമ്പതികളുടെ മകളായ മെഹക്കിന്. വൈവിധ്യമായ ഭാഷ പഠിക്കണമെന്ന ആഗ്രഹവുമായിട്ടാണ് ബെംഗളൂരില്‍ നിന്ന് മെഹക്ക് മലപ്പുറത്തെത്തുന്നത്. സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡ് വള്ളിക്കാപ്പറ്റയിലാണ് ഒന്നാം ക്ലാസിലെ പഠനം ആരംഭിക്കുന്നത്.

ഉറുദുവും കന്നഡയുമെല്ലാം ബെംഗളൂരില്‍ നിന്ന് പഠിച്ചിരുന്നു. ഇവിടെ വന്നതിന് ശേഷമാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി പഠിച്ചെടുത്തത്. ചെറുപ്പത്തിലെ ഭാഷാ പഠനത്തിന് അതീവ താത്പര്യമായിരുന്നു. ദിനംപ്രതി റേഡിയോയിലെ വാര്‍ത്തകള്‍ കേട്ടാണ് ആദ്യ കാലത്ത് പഠിച്ചിരുന്നത്. പിന്നീട് ഇത് റെക്കോര്‍ഡ് ചെയ്ത് പഠിച്ചു. ഇത് ഇടക്കിടെ കേള്‍ക്കും. നിരന്തരമായി പരിശ്രമം നടത്തിയപ്പോള്‍ ഭാഷകളെല്ലാം വഴങ്ങി.

വീടിന്റെ നാല് ചുമരുകളില്‍ ചടഞ്ഞിരിക്കാതെ പഠനത്തിലും പാഠ്യേതര രംഗങ്ങളിലെല്ലാം മെഹക്ക് ഒരു പോലെ വെന്നിക്കൊടി പാറിക്കുന്നുണ്ട്. സ്‌കൂളിലെ മലയാളം ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്. ഇതിന് പുറമേ ആള്‍ ഇന്ത്യ റേഡിയോയില്‍ പ്രസംഗം, സംഘ ഗാനം എന്നീ പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്. ഇന്നലെ മലപ്പുറത്ത് നടന്ന ജില്ലാ വായനാ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. അധ്യാപികയാകണമെന്നാണ് ഈ മിടുക്കിയുടെ സ്വപ്‌നം. കാഴ്ച നഷ്ടമായ അനിയന്‍ ഫര്‍ഹാനും തന്റെ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുകയാണ്.