ചന്ദ്രനില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കാന്‍ ചൈനയുടെ പുതിയ ദൗത്യം

Posted on: January 14, 2019 9:01 pm | Last updated: January 14, 2019 at 9:01 pm

ബീജിംഗ്: ചന്ദ്രനില്‍ നിന്ന് സാംപിളുകള്‍ ശേഖരിക്കാന്‍ പുതിയ ദൗത്യവുമായി ചൈന. ചന്ദ്രന്റെ ഇരുണ്ട വശത്തിന്റെ രഹസ്യം തേടി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ചാങ്-4 ലാന്‍ഡര്‍ പേടകത്തിന് പിന്നാലെയാണ് ചൈന പുതിയ ദൗത്യത്തിന് പദ്ധതിയിടുന്നത്. ചാങ് -5 എന്ന് പേരിട്ട പദ്ധതി ലക്ഷ്യമിടുന്നത് ചന്ദ്രനില്‍ നിന്നുള്ള സാംപിളുകള്‍ ഭൂമിയിലെത്തിക്കാനാണ്.

ഈ വര്‍ഷം അവസാനത്തോടെ ചാങ് – 5നെ ചന്ദ്രനിലിറക്കാനാണ് ചൈനയുടെ ലക്ഷ്യം. ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ത്രീഡി പ്രിന്‍ന്റിംഗ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചന്ദ്രോപരിതലത്തില്‍ നിരമാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പുതിയ ദൗത്യം സഹായകരമാകുമെന്ന് ചെനീസ് ബഹിരാകാശ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ ഒരു ഗവേഷണ കേന്ദ്രം നിര്‍മിക്കുന്നതിനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും ചൈന സൂചന നല്‍കുന്നു.

ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായിട്ടും ബഹിരാകാശ പര്യവേക്ഷണത്തില്‍ ചൈനക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. ഈ കുറവ് പരിഹരിക്കാനാണ് പുതിയ ദൗത്യങ്ങളുമായി ചൈന രംഗത്ത് വരുന്നത്.