ബിജെപിയെ തറപറ്റിക്കാന്‍ യുപിയില്‍ എസ്പി- ബിഎസ്പി സഖ്യം; അഖിലേഷും മായാവതിയും ഔദ്യോഗിക പ്രഖ്യാപനം നടത്തി

Posted on: January 12, 2019 12:48 pm | Last updated: January 12, 2019 at 6:39 pm

ലക്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പി- ബിഎസ്പി സഖ്യം രൂപവത്കരിച്ചു. ബിഎസ്പി നേതാവ് മായാവതിയും എസ് പിനേതാവ് അഖിലേഷ് യാദവും ലക്‌നോവില്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇരുപാര്‍ട്ടികളും യുപിയില്‍ 38 സീറ്റുകളില്‍ മത്സരിക്കും. രണ്ട് സീറ്റുകള്‍ മറ്റ് പാര്‍ട്ടികള്‍ക്കായി ഒഴിച്ചിട്ടു.

കോണ്‍ഗ്രുമായി സഖ്യമില്ലെന്ന് സ്ഥിരീകരിച്ച നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് അറിയിച്ചു.

സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് മായാവതി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കും ഇനി ഉറക്കം നഷ്ടമാകും. മോദിയുടേയും ബിജെപിയുടെ വിഷലിപ്തമായ രാഷ്ട്രീയത്തിനെതിരെയാണ് സഖ്യം. ബിജെപി നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. അഴിമതിയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ നഷ്ടം മാത്രമേ ഉണ്ടാകൂ. കോണ്‍ഗ്രസ് വോട്ടുകള്‍ പൂര്‍ണമായി സഖ്യത്തിന് ലഭിക്കില്ലെന്നാണ് അനുഭവം- മായാവതി കൂട്ടിച്ചേര്‍ത്തു.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ നിന്ന് 71 സീറ്റുകള്‍ ലഭിച്ചിരുന്നു. അന്ന് എസ്പിയും ബിഎസ്പിയും തനിച്ചാണ് മത്സരിച്ചത്. പല മണ്ഡലങ്ങളിലും ഇരു കക്ഷികളുടേയും വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതലായിരുന്നു.
അടുത്തകാലത്തായി ഉത്തര്‍പ്രദേശില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഇരു പാര്‍ട്ടികളും സഖ്യമായാണ് മത്സരിച്ചത്. ഇത് വിജയം കണ്ടിരുന്നു.