ജനപിന്തുണ നഷ്ടപ്പെട്ടു; ശബരിമല സമരം നിര്‍ത്തി തലയൂരാന്‍ ബിജെപി നേതൃത്വം

Posted on: January 12, 2019 9:01 am | Last updated: January 12, 2019 at 10:18 am

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സംഘ്പരിവാര്‍ സംഘടനകളുടെ പിന്തുണയോടെ ബി ജെ പി ആരംഭിച്ച പ്രതിഷേധ സമരം നിര്‍ത്താന്‍ ബി ജെ പി നേതൃത്വം ആലോചിക്കുന്നു. സമരത്തിന്റെ ആദ്യഘട്ടത്തില്‍ ലഭിച്ച മാധ്യമശ്രദ്ധയും ജനപിന്തുണയും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്.

ശബരിമല വിഷയത്തല്‍ നിലപാടുകള്‍ മാറി മറിഞ്ഞ ബി ജെ പി ആദ്യഘട്ടത്തില്‍ ശബരിമലയില്‍ നടത്തിയ സമരം, ജനവികാരം എതിരായതോടെയാണ് ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത്. എന്നാല്‍, 39 ദിവസം പിന്നിട്ട സമരത്തെ ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരും കൈവിട്ട അവസ്ഥയിലാണ്. സമരത്തെ സര്‍ക്കാര്‍ അവഗണിക്കുക കൂടി ചെയ്തതോടെ പാര്‍ട്ടിക്ക് ഭാരമായി മാറിയ നിരാഹാര സമരം കേസുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹരജികള്‍ സുപ്രീം കോടതി പരിഗണിക്കുന്ന ഈ മാസം 22ന് അവസാനിപ്പിക്കുന്നതിനുള്ള നീക്കമാണ് പാര്‍ട്ടി നടത്തുന്നത്.

ആദ്യഘട്ടത്തില്‍ സ്ത്രീപ്രവേശത്തെയും പിന്നീട് ശബരിമലയിലെ പോലീസ് നിയന്ത്രണത്തെയും എതിര്‍ത്ത ബി ജെ പിയുടെ സമരം ഇപ്പോള്‍ സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധം മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. ആദ്യഘത്തില്‍ നിരാഹാര സമരമിരുന്ന സംസ്ഥാന നേതാക്കളില്‍ നിന്ന് പിന്നീട് രണ്ടാം നിര നേതാക്കളിലേക്ക് മാറിയതോടെ സമരപ്പന്തലിന് സമീപത്തെ പ്രവര്‍ത്തകരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

സെക്രട്ടേറിയറ്റ് സമരത്തിന്റെ ആദ്യഘട്ടത്തില്‍ 300ലധികം പേരുണ്ടായിരുന്നത് ഇപ്പോള്‍ 50ന് താഴെയായിരിക്കുകയാണ്. എ എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, സി കെ പത്മനാഭന്‍ എന്നിവരാണ് നേരത്തെ സമരപ്പന്തലില്‍ നിരാഹാരമിരുന്ന് മടങ്ങിയ പ്രമുഖര്‍. ഇത് കഴിഞ്ഞതിനുശേഷം മുന്‍നിരാ നേതാക്കന്മാര്‍ നിരാഹാരമിരിക്കാന്‍ വിസമ്മതിച്ചതോടെയാണ് രണ്ടാംഘട്ട നേതാക്കള്‍ സമരമുഖത്തേക്ക് കടന്നുവന്നത്. എന്‍ ശിവരാജനും പി എം വേലായുധനും പിന്നീട് നിരാഹാരമിരുന്നു. ഇവര്‍ക്കും ശേഷം ഇപ്പോള്‍ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ വി ടി രമയാണ് സമരപ്പന്തലില്‍.

മറ്റ് നേതാക്കളാരും സമരം ഏറ്റെടുക്കാന്‍ ഇതുവരെ മുന്നോട്ടുവന്നിട്ടില്ല. സംസ്ഥാന സെക്രട്ടറിമാരായ കെ സുരേന്ദ്രനും എം ടി രമേശും സമരത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതില്‍ എം ടി രമേശ് സമരവുമായി സഹകരിച്ചിരുന്നുവെങ്കിലും കെ സുരേന്ദ്രന്‍ സമരവുമായി സഹകരിച്ചിരുന്നില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പ് കളികളും സമരം പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കൂടിയാലോചനകള്‍ കൂടാതെ നിരാഹാര സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് വി മുരളീധരന്‍ പക്ഷം നിരാഹാര സമരത്തില്‍ നിന്ന് വിട്ടുനിന്നത്. ഇതോടെ വെട്ടിലായ ശ്രീധരന്‍ പിള്ള വിഭാഗം സമര പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥയിലാണ്. ഇതോടെയാണ് സുപ്രിം കോടതി ശബരിമല ഹരജികള്‍ പരിഗണിക്കുന്ന ദിവസം നിരാഹാരസമരം അവസാനിപ്പിച്ച് ബി ജെ പി തലയൂരാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.