ഗള്‍ഫ് മേഖലയില്‍ യു എ ഇയുടെ നേതൃത്വത്തില്‍ ബേങ്കുകളുടെ ലയനത്തിന് കളമൊരുങ്ങുന്നു

Posted on: January 11, 2019 5:21 pm | Last updated: January 11, 2019 at 5:23 pm

അബുദാബി: ഗള്‍ഫ് രാജ്യങ്ങളില്‍ ഇത് ബേങ്കുകളുടെ ലയന കാലമാണെന്നും യു എ ഇയുടെ നേതൃത്വത്തിലാണ് ലയന പ്രക്രിയകള്‍ നടക്കുന്നതെന്നും ബ്ലൂംബര്‍ഗ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് പ്രാദേശിക അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക വിപണിയിലെ മത്സരത്തിനുള്ള സാഹചര്യങ്ങളെ ശക്തിപ്പെടുത്തുകയാണ് ലയനങ്ങളുടെ ലക്ഷ്യമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഗള്‍ഫ് മേഖലയിലെ ബേങ്കുകള്‍ക്കിടയില്‍ നടക്കുന്ന ലയന നീക്കങ്ങളെക്കുറിച്ച് കഴിഞ്ഞദിവസമാണ് ബ്ലൂംബര്‍ഗ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗള്‍ഫ് മേഖലയില്‍ ആനുപാതികമായി ബേങ്കുകളുടെ എണ്ണം വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മേഖലയില്‍ നിലവില്‍ 70 ബേങ്കുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. 51 മില്യണ്‍ ഉപഭോക്താക്കളെയാണ് ഇവയിലൂടെ സേവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ 65 മില്യണ്‍ ജനങ്ങള്‍ വസിക്കുന്ന യു കെയില്‍ കേവലം 12 ബേങ്കുകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബേങ്കിംഗ് മേഖലയിലെ ആഗോള മാറ്റങ്ങളെ സ്വീകരിക്കാനും വെല്ലുവിളികളെ നേരിടാനും ബേങ്കുകള്‍ക്ക് കരുത്ത് ഉണ്ടാകേണ്ടതുണ്ട്. ഇതിനുപുറമേ സാമ്പത്തിക ഇടപാടു രംഗങ്ങളില്‍ സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിന് ബേങ്കുകളെ പ്രാപ്തമാക്കേണ്ടതുമുണ്ട്. ഇവയൊക്കെയാണ് ബേങ്കുകളുടെ ലയനത്തിന് ഹേതുവായി പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗള്‍ഫ് മേഖലയില്‍ ബേങ്കുകളുടെ ലയനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നതാകട്ടെ യു എ ഇയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യു എ ഇയില്‍ പ്രാദേശിക ബേങ്കുകള്‍ തമ്മിലുള്ള ലയനം നേരത്തേ ആരംഭിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് ഇന്റര്‍നാഷണല്‍, ദുബൈ നാഷണല്‍ ബേങ്കുകള്‍ തമ്മില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ലയിച്ചിരുന്നു. അബുദാബി നാഷനല്‍ ബേങ്ക്, ഫസ്റ്റ് ഗള്‍ഫ് ബേങ്കുകള്‍ തമ്മില്‍ ലയിച്ചത് 2016 ലാണ്. ലയന ശേഷം എഫ്എബി എന്ന പേരിലറിയപ്പെടുന്ന യു എ ഇയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ബേങ്കായാണ് അറിയപ്പെടുന്നത്.

യുഎഇയിലെ പ്രധാന 3 ബേങ്കുകളായ അബുദാബി കൊമേര്‍ഷ്യല്‍ ബേങ്ക്, യൂണിയന്‍ നാഷണല്‍ ബേങ്ക്, അല്‍ഹിലാല്‍ ബേങ്ക് എന്നിവ തമ്മിലുള്ള ലയന നടപടികള്‍ നടന്നുവരികയാണ്. ലയനം പൂര്‍ത്തിയാകുന്നതോടെ 110 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ മേഖലയിലെ തന്നെയുള്ള ഏറ്റവും വലിയ ബേങ്കുകളില്‍ ഒന്നായി ഇത് മാറുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.