ഹര്‍ത്താല്‍ അക്രമത്തില്‍ പ്രതിയായ മകന്‍ കീഴടങ്ങിയതിന് പിറകെ പിതാവ് ആത്മഹത്യ ചെയ്തു

Posted on: January 11, 2019 9:38 am | Last updated: January 11, 2019 at 11:33 am

കൊല്ലം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലിനിടെ അക്രമം നടത്തിയ യുവാവ് പോലീസില്‍ കീഴടങ്ങിയതിന് പിറകെ പിതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചവറ തേവലക്കര പടിഞ്ഞാറ്റക്കര കൊച്ചുപന്താടിയില്‍ മോഹനന്‍ പിള്ള(65)യാണ് മരിച്ചത്.

ഹര്‍ത്താല്‍ ദിനത്തില്‍ ബൈക്ക് യാത്രക്കാരന്‍ പന്‍മന നെറ്റിയാട് സ്വദേശി അനീസിനെ അക്രമിച്ച കേസില്‍ പ്രതിയായിരുന്നു മോഹനന്‍ പിള്ളയുടെ മകന്‍ മനോജ് കുമാര്‍. പോലീസ് അന്വേഷിച്ചെത്തിയതിനെത്തുടര്‍ന്ന് മനോജ് കുമാര്‍ പോലീസില്‍ കീഴടങ്ങി മണിക്കൂറുകള്‍ക്കകമാണ് മോഹനന്‍ പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി ബൂത്ത് പ്രസിഡന്റാണ് മോഹനന്‍ പിള്ള. മനോജ് യുവമോര്‍ച്ച പ്രവര്‍ത്തകനും. ഇന്നലെ ഉച്ചക്ക് 12ഓടെ മനോജ് കേസില്‍ പ്രതിയായ സുഹൃത്തും ചവറ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഇതിന് പിറകെ വൈകിട്ട് നാലോടെ മോഹനന്‍ പിള്ളയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തെക്കും ഭാഗം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.