Connect with us

National

അലോക് വര്‍മയെ വീണ്ടും സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്ന് നീക്കി

Published

|

Last Updated

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ വീണ്ടും പദവിയില്‍ നിന്ന് നീക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സെലക്ഷന്‍ കമ്മിറ്റിയുടെതാണ് തീരുമാനം. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് അലോക് വര്‍മ വീണ്ടും ചുമതലയേറ്റത്.

സെലക്ഷന്‍ പാലലിന്റെ രണ്ടാമത്തെ യോഗമാണ് നിര്‍ണായകമായ തീരുമാനമെടുത്തത്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും ജസ്റ്റിസ് എ കെ സിക്രിയും അടങ്ങുന്നതാണ് സെലക്ഷന്‍ പാനല്‍. മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ എതിര്‍പ്പോടെയാണ് അലോക് വര്‍മയെ നീക്കാന്‍ തീരുമാനമെടുത്തത്. ഇന്നലെയും സെലക്ഷന്‍ പാനല്‍ യോഗം ചേര്‍ന്നിരുന്നുവെങ്കിലും വ്യക്തമായ തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു.

അലോക് വര്‍മക്ക് എതിരെ എട്ട് ആരോപണങ്ങള്‍ അടങ്ങിയ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചിരുന്നു. സിവിസി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവത്തിലുള്ളതാണെന്ന് സെലക്ഷന്‍ കമ്മിറ്റി വിലയിരുത്തി. സുപ്രധാനമായ അന്വേഷണ ഏജന്‍സിയുടെ തലപ്പത്തിരിക്കുന്ന വര്‍മയുടെ പ്രവര്‍ത്തനം അതിന് യോജിച്ചതായിരുന്നില്ലെന്ന് സമിതി കണ്ടെത്തി. മോയിന്‍ ഖുറൈശി കേസില്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചു, മറ്റൊരു കേസില്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങി, ഐആര്‍സിടിസി കേസിലെ എഫ്‌ഐആറില്‍ നിന്ന് തന്റെ അടുപ്പക്കാരന്റെ പേര് വെട്ടിമാറ്റി തുടങ്ങി നിരവധി ആരോപണങ്ങളാണ് സിവിസി റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നത്.

അഴിമതി ആരോപണങ്ങളും കൃത്യവിലോപവും ചൂണ്ടിക്കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്ന് നീക്കുകയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത അലോക വര്‍മ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയാണ് വീണ്ടും പദവിയില്‍ എത്തിയത്. വര്‍മയെ നീക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങിയ സെലക്ഷന്‍ കമ്മിറ്റിക്ക് മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്നലെയും ഇന്നും സെലക്ഷന്‍ പാനല്‍ ചേര്‍ന്നത്.

അന്വേഷണ ഏജന്‍സിയുടെ ഉന്നത തലങ്ങളിലെ പോരും വാഗ്വാദങ്ങളും മുറുകിയതിനെ പിന്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് അലോക് വര്‍മയെയും അഡീഷണല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 31നാണ് അലോക് വര്‍മയുടെ കാലാവധി തീരുക.

Latest