Connect with us

Articles

രണ്ട് പെണ്ണുങ്ങള്‍

Published

|

Last Updated

ചരിത്രത്തോടൊപ്പം ജീവിക്കുന്നവരും ഉണ്ട്. ചരിത്രം നിര്‍മിക്കുന്നവരും ഉണ്ട്. ഇതില്‍ രണ്ടാമത് പറഞ്ഞവരുടെ കൂട്ടത്തില്‍ രണ്ട് പെണ്ണുങ്ങളുടെ പേരെഴുതി ചേര്‍ക്കപ്പെട്ടതാണ് ജനുവരി രണ്ടിന് കേരളം കണ്ടത്. ഒന്ന് തലശ്ശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസി. പ്രൊഫസര്‍ 42 കാരിയായ ബിന്ദു അമ്മിണി എന്ന ദളിത് സമുദായക്കാരി, മറ്റേത് കേരള ഗവ. സര്‍വീസില്‍ സിവില്‍ സപ്ലൈസില്‍ ജോലി ചെയ്യുന്ന കനകദുര്‍ഗ എന്ന 44കാരി ബ്രാഹ്മണ സ്ത്രീ. ജനുവരി ഒന്നിന്റെ വനിതാ മതിലിന് രണ്ടാം തീയതി തന്നെ ഫലം കണ്ടെത്താനായി. മതിലില്‍ അണി ചേര്‍ന്ന 50 ലക്ഷം പെണ്ണുങ്ങളുടെ പേര് എവിടെയും രേഖപ്പെടുത്താന്‍ പോകുന്നില്ല. പക്ഷേ, ബിന്ദുവും കനകദുര്‍ഗയും ചരിത്രത്താളുകളില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. കേരളം കാത്തിരിക്കുന്ന സവര്‍ണ അവര്‍ണ ഐക്യം.

രാത്രി കാക്കകള്‍ക്കും പകല്‍ കടവാവലുകള്‍ക്കും അഭയം നല്‍കുന്ന ഒരു കൂറ്റന്‍ ശ്മശാന വൃക്ഷത്തെക്കുറിച്ച് അരുന്ധതി റോയി മിനിസ്ട്രി ഓഫ് അറ്റ് മോസ്റ്റ് ഹാപ്പിനസ് നോവലില്‍ പരാമര്‍ശിക്കുന്നുണ്ട്. ശബരിമല ക്ഷേത്രവും നൂറ്റാണ്ടുകളുടെ പാരമ്പര്യത്തോടെ തന്നിലേക്ക് വരുന്ന ഏത് ഭക്തര്‍ക്കും ആശ്വാസം അരുളുന്ന ഒരു അരയാല്‍ വൃക്ഷം ആയിരുന്നു. അവിടെ ജാതിമത ലിംഗഭേദം ഒന്നും ഇല്ല. സാക്ഷാല്‍ ശ്രീബുദ്ധന് പ്രബുദ്ധത സമ്മാനിച്ച ആ മഹാവൃക്ഷത്തിന്റെ മറ്റൊരു രൂപം ആയിരിക്കാം അരുന്ധതിയുടെ ശ്മശാന വൃക്ഷം. കാനനവാസിയായ അയ്യപ്പന്‍ മറ്റൊരു ബുദ്ധനായിരുന്നു. ബുദ്ധനെപ്പോലെ ഭൗതിക ജീവിതത്തിന്റെ സുഖസൗകര്യങ്ങളുപേക്ഷിച്ച് തങ്കയങ്കി ഊരി പന്തളം രാജാവിന്റെ കൊട്ടാരത്തില്‍ ഏല്‍പ്പിച്ചിട്ട് മരവുരി ധരിച്ച് അദ്ദേഹം തപസ്സിനെത്തിച്ചേര്‍ന്ന സ്ഥലമായിരുന്നു ശബരിമലയായതെന്നാണ് ഐതിഹ്യം. ചരിത്രത്തേക്കാള്‍ക്ക് ഐതിഹ്യങ്ങള്‍ക്കും നിയമത്തേക്കാള്‍ ആചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന സമൂഹത്തിലെ വിദ്യാസമ്പന്നരും ധനാഢ്യന്മാരും, എന്തിന് ശാസ്ത്രജ്ഞന്മാരും രാഷ്ട്രീയക്കാരും അടക്കം ആണ്ടിലൊരിക്കല്‍ അവരുടെ ദുഷ്‌കൃത്യബഹുലമായ ദൈനംദിന ജീവിതത്തിന് അവധി കൊടുത്ത് നാടും മേടും കുന്നും നദികളും കടന്ന് തങ്ങളുടെ ജീവിത പ്രാരാബ്ദങ്ങളെയാകെ ഒരു ഇരുമുടി കെട്ടില്‍ നിക്ഷേപിച്ച് ശബരിമലയില്‍ അയ്യനെ തൊഴുവാന്‍ എത്തുന്നവരാണ് ശബരിമല തീര്‍ഥാടകര്‍ എന്നാണ് പാരമ്പര്യം. ആ നിലക്ക് അയ്യപ്പന്‍ കേരളത്തിന്റെ സ്വന്തം ദൈവമാണ്.

തദ്ദേശീയമായ ഈ ദൈവസങ്കല്‍പ്പത്തെ ഹൈജാക്ക് ചെയ്ത് തങ്ങളുടെ സ്വന്തമാക്കിയ ബ്രാഹ്മണ ഹിന്ദുത്വത്തിന്റെ കരണത്തേറ്റ അടിയായിരുന്നു സുപ്രീം കോടതി വിധി. അതനുസരിച്ച് ദര്‍ശനം കാംക്ഷിച്ച എത്തിയ സ്ത്രീകളെ അതിന് അനുവദിക്കുക എന്നത് കേരളാ പോലീസിനു മുന്നില്‍ ഉയര്‍ന്ന ഒരു വെല്ലുവിളിയായിരുന്നു. ഒരു ഭരണകൂടത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തി തത്കാലം തങ്ങളുടെ ലക്ഷ്യം നേടാന്‍ ഏതാനും തീവ്രവാദികള്‍ക്കു കഴിയാറുണ്ട്. പക്ഷേ, അത്തരക്കാര്‍ കൈവരിക്കുന്ന അത്തരം താത്കാലിക വിജയങ്ങള്‍ ഏറെക്കാലം നിലനില്‍ക്കാനൊന്നും പോകുന്നില്ല. ശബരിമലയിലെത്തുന്ന തീര്‍ഥാടക ലക്ഷങ്ങളില്‍ ഒരാളുടെ എങ്കിലും ഒരു രോമത്തിലെങ്കിലും കേട് പറ്റാതെ ഈ വിധി എങ്ങനെ നടപ്പാക്കും എന്ന ഒരേ ഒരു തലവേദനയാണ് കേരളാഗവണ്‍മെന്റിനെയും ദേവസ്വം ബോര്‍ഡിനെയും പോലീസിനെയും അലട്ടികൊണ്ടിരുന്നത്. എങ്ങനെയും ഒരു വെടിവെപ്പോ ലാത്തിചാര്‍ജോ എങ്കിലും നടത്തി ഭക്തജനവികാരം എന്ന വ്രണം പൊട്ടിച്ച് അതില്‍ നിന്നും മുതലെടുക്കാനായിരുന്നു തത്പരകക്ഷികള്‍ കാത്തിരുന്നത്. അതിനത്തരക്കാര്‍ക്കവസരം കൊടുക്കാതെ ഇലക്കും മുള്ളിനും കേടുവരുത്താതെ കേരളാ പോലീസ് ആത്മാഭിമാനം സംരക്ഷിച്ചിരിക്കുന്നു. ഐതിഹ്യകഥയിലെ അയ്യപ്പന്റെ പുലിപ്പുറത്തുള്ള സഞ്ചാരത്തേക്കാള്‍ സാഹസികം ആയിരുന്നു പോലീസിന്റെ ഈ വര്‍ഷത്തെ ശബരിമല ദൗത്യം. അതവര്‍ ഭംഗിയായി നിറവേറ്റിയിരിക്കുന്നു.

ഇതെല്ലാം കണ്ടു വിറളി പിടിച്ചവരാണ് ഹര്‍ത്താലെന്ന മുനയൊടിഞ്ഞ സമരായുധങ്ങളുമായി കേരളത്തെ കലാപ ഭൂമിയാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ഹര്‍ത്താലും ബന്ദും നടത്തി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി മുഴക്കുന്ന അലവലാതിത്തരം എത്രയോ തവണ കോടതികള്‍ നിരോധിച്ചിട്ടുള്ളതാണ്. ഹര്‍ത്താല്‍ മുഖാന്തിരം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുത്തരവാദികളെന്ന നിലയില്‍ ഹര്‍ത്താലിനാഹ്വാനം ചെയ്തവരെയും അതിന് പരസ്യപിന്തുണ പ്രഖ്യാപിച്ചവരെയും അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും കൃത്യമായ നഷ്ടപരിഹാരം ഈടാക്കാനുമുള്ള കോടതി വിധി കൃത്യമായി നടപ്പിലാക്കാനുഉള്ള നീക്കം ഭരണകൂടം സ്വീകരിക്കുമെങ്കില്‍ ഇത്തരം തറ വേലകള്‍ ഇനി ആരും ആവര്‍ത്തിക്കില്ല.

ആചാരങ്ങള്‍/ അനാചാരങ്ങള്‍, ഭക്തന്‍മാര്‍/ ഭക്തിരഹിതര്‍, വിശ്വാസികള്‍/ അവിശ്വാസികള്‍, സവര്‍ണര്‍/ അവര്‍ണര്‍, ആക്റ്റിവിസ്റ്റുകള്‍/ നോണ്‍ ആക്റ്റിവിസ്റ്റുകള്‍ എന്നിങ്ങനെയുള്ള ദന്ദ്വ പരികല്‍പ്പനകളെ കൂടുതല്‍ അര്‍ഥവ്യക്തതകളോടെ മലയാളിക്കു മുമ്പില്‍ വിശദീകരിക്കപ്പെടാനുള്ള സമയം കൂടിയാണിത്. ഇന്നലെ ചെയ്തു പോയ അബദ്ധം മൂഢന്‍മാര്‍ക്ക് ഇന്ന് ആചാരമാവുകയും നാളെ അത് ശാസ്ത്രമാവുകയും ചെയ്യുന്ന പ്രതിഭാസത്തിനെതിരെ ആദ്യമായി വിമര്‍ശനശരം തൊടുത്തത് മഹാകവി കുമാരനാശാനാണ്. അദ്ദേഹം സ്ഥാപിച്ച സംഘടനയുടെ ഇന്നത്തെ അധ്യക്ഷന്‍ ശബരിമല ക്ഷേത്രത്തിലെ ആചാര ലംഘനത്തിന്റെ പേരില്‍ വേദനയനുഭവിക്കുന്നത് തങ്ങള്‍ കേരളത്തിലെ ഹിന്ദു പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു പോകുമോ എന്ന ആശങ്ക ഒന്നുകൊണ്ട് മാത്രമാണ്. തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്ന് നാഴികക്കു നാല്‍പ്പതുവട്ടം ആണയിടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ എന്താണീ പ്രസ്താവന കൊണ്ടര്‍ഥമാക്കുന്നത്? ഭക്തര്‍ക്കൊപ്പം എന്നല്ലാതെ തങ്ങള്‍ ഭക്തരാണെന്നു പറയാതിരുന്നത് ഭാഗ്യം. മഹാത്മാ ഗാന്ധിയും ഭക്തനായിരുന്നു. അദ്ദേഹത്തെ വെടിവെച്ചു കൊന്ന ഗോഡ്‌സെയും ഭക്തനായിരുന്നു. ഭക്തര്‍ക്കൊപ്പം കൂടുന്നവര്‍ ഗോഡ്‌സെക്കൊപ്പം നില്‍ക്കുമോ? കോണ്‍ഗ്രസ് മാത്രമല്ല പ്രത്യക്ഷ നിരീശ്വരവാദം പ്രസംഗിച്ചിരുന്ന ദ്രാവിഡ പ്രസ്ഥാനത്തിന്റെ ആചാര്യന്മാരുടെ അനുയായികളായ തമിഴ്‌നാട്ടിലെ ഡി എം കെ, എ ഡി എം കെക്കാര്‍ മുതല്‍ ഉത്തരേന്ത്യയിലെ അവസരവാദ രാഷ്ട്രീയക്കാര്‍വരെ ഇങ്ങനെ ചുളുവില്‍ ഭക്തര്‍ക്കൊപ്പം കൂടി വോട്ട് തട്ടാന്‍ ലക്ഷ്യമിട്ട് പാഞ്ഞുനടക്കുകയാണ്.

ഏതൊരു മതത്തിന്റെയും ശത്രുക്കള്‍ ആ മതത്തിനുളളിലുളളവരാണ്, അന്യമതക്കാരോ മതേതരവാദികളോ മതരഹിതരോ അല്ലെന്നാണ് ചരിത്രം പറയുന്നത്. ഈ തത്വം മറ്റാരേക്കാളും അധികം അറിയാവുന്നത് ഇവിടത്തെ മതപണ്ഡിതര്‍ക്കാണ്. അവര്‍ അപകടകരമായ മൗനംപാലിക്കുകയാണ്. ഹിന്ദുമതം എന്നത് ഒരു സാംസ്‌ക്കാരിക ധാരയാണ്. അന്യമതങ്ങളോടുമാത്രമല്ല, ആസ്തിക വാദികളോട് മാത്രമല്ല, നാസ്തികവാദികളോടും സഹിഷ്ണുത പുലര്‍ത്തുന്ന യഥാര്‍ഥ ഹിന്ദു പാരമ്പര്യം കുറെയെങ്കിലും അവശേഷിച്ചിരുന്നത് കേരളത്തിലായിരുന്നു. അതിനു കാരണങ്ങള്‍ പലതുണ്ട്. അത് മറ്റൊരു ലേഖനത്തിനുളള വിഷയമാണ്. നാസ്തികതയെ ഇവിടെ ഒരു മതമായി തന്നെ അംഗീകരിച്ചിരുന്നു. സാഖ്യാദര്‍ശനത്തിന്റെ ഉപഞ്ജാതാവായ കപിലനെയും കാമശാസ്ത്രം രചിച്ച വാല്‍സായനനെയും മഹര്‍ഷിമാരായി ആദരിച്ചിരുന്ന പാരമ്പര്യം ആണ് നമ്മുടേത്. ബുദ്ധനും ശ്രീനാരായണനും പോലും പാരമ്പരാഗത ദൈവസങ്കല്‍പ്പങ്ങളെ തിരുത്തി എഴുതിയവരായിരുന്നു. ക്ഷേത്രാരാധനയില്‍ വിശ്വസിക്കാതിരുന്ന മഹാത്മാഗാന്ധിയും ദൈവാസ്തിത്വത്തെ പാടെ നിരാകരിച്ച നെഹ്‌റുവും ഇന്ത്യന്‍ പാരമ്പര്യത്തിന് മാര്‍ഗനിര്‍ദേശകരായിരുന്നവരാണ്.

മാര്‍ക്‌സിസ്റ്റുകാരും മാവോയിസ്റ്റുകളുമൊക്കെ നിരീശ്വരവാദികളാണെന്നിവര്‍ പറയുന്നു. നക്‌സലൈറ്റായിരുന്ന ചാരുംമജുംദാരെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളില്‍ ഭദ്രകാളിചിത്രവും അതിനു മുമ്പില്‍ വെച്ചിരുന്ന നിലവിളക്കും തീപ്പെട്ടിയും ഏതാനും ഹിന്ദുമതഗ്രന്ഥങ്ങളും ഉള്‍പ്പെട്ടിരുന്നു. ചില ആദര്‍ശങ്ങളില്‍ പ്രേരിതരായി നിലവിലുളള അനീതി നിറഞ്ഞ ഘടനകളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നിയമലംഘനത്തിനു തയ്യാറാകുന്ന മനുഷ്യര്‍ ഏത് നാട്ടിലും ഏതു കാലത്തും ഉണ്ട്. അതിന്റെ പേരില്‍ അവരുടെ പൗരാവകാശങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഈ വര്‍ഗീയ ഭ്രാന്തന്മാര്‍ക്കാരാണവകാശം നല്‍കിയത്? ആക്ടിവിസ്റ്റുകള്‍ മല ചവിട്ടിക്കൂടത്രെ. ആരാണ് ആക്ടിവിസ്റ്റുകള്‍? തങ്ങള്‍ ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കു വേണ്ടി ജീവന്‍ പോലും പണയപ്പെടുത്തി അധികാര ശക്തികള്‍ക്കു മുമ്പില്‍ വെല്ലുവിളി ഉയര്‍ത്തുന്നവര്‍. അവരില്‍ ശബരിമല ഭക്തര്‍ ഉണ്ടായിക്കൂടെന്ന് എന്താണിത്ര നിര്‍ബന്ധം? ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ഒരു കേന്ദ്രത്തില്‍ വരുന്നവരുടെ ഒക്കെ ജാതിയും മതവും ഭക്തിയും ഭക്തിരാഹിത്യവും വ്രതവും വ്രതഭംഗവും പ്രായവും അവരുടെ വസ്ത്രത്തിനുളളിലെ ശുദ്ധിയും അശുദ്ധിയും പരിശോധിച്ച് മാത്രമേ, കടത്തിവിടാവൂ എന്നാണോ ഇവര്‍ പറയുന്നത്. ഏതൊരു ആരാധനാലയത്തിലും എത്തുന്നവരുടെ വശം, ബോംബോ മറ്റു സ്‌ഫോടകവസ്തുക്കളോ ഉണ്ടോ എന്ന് പരിശോധിക്കുന്നതിലപ്പുറം എന്തു പരിശോധനയാണ് പോലീസിനു നടത്താനാകുക.
ഇതൊന്നും അറിയാത്തവരാണോ ഈ തെരുവുയുദ്ധത്തിനിറങ്ങിയിരിക്കുന്നത്? പല സമൂഹങ്ങളും സ്ത്രീകളില്‍ സംഭവിക്കുന്ന പ്രകൃതി സഹജമായ മാസമുറദിനങ്ങളെ അശുദ്ധിയുടെ കാലമായി കണക്കാക്കിയിരുന്നു. ആ ദിവസങ്ങളില്‍ ആ സ്ത്രീയെ സ്പര്‍ശിക്കുന്നവര്‍ക്കും അവള്‍ തൊടുന്ന സാധനങ്ങള്‍ക്കും ചരിക്കുന്ന സ്ഥലത്തിനും അശുദ്ധി ബാധിക്കും എന്ന അന്ധവിശ്വാസത്തിന്റെ അവശിഷ്ടം സംരക്ഷിക്കുന്നതിനാണ് ഇവിടത്തെ പിന്തിരിപ്പന്‍ സമൂഹം ശബരിമലക്ഷേത്രത്തെ മറയാക്കുന്നത്. ആചാരങ്ങള്‍ മാത്രമല്ല സ്വത്തവകാശവും സ്ഥാനമാനങ്ങളും എല്ലാം പാരമ്പര്യാവകാശമായി അനുഭവിക്കണം എന്ന വാശി ഇതിനു പിന്നില്‍ക്കാണാം. അതുകൊണ്ട് പിണറായി വിജയന്റെ കുലത്തൊഴിലിനെക്കുറിച്ച് ഇവരെപ്പോഴും പറഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ടാണ് സമുദായ സംവരണമല്ല സാമ്പത്തിക സംവരണമാണ് വേണ്ടതെന്ന് എന്‍ എസ് എസ് നായന്മാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതാതു ജാതികള്‍ക്ക് പറഞ്ഞിരിക്കുന്ന ജോലി അവര്‍ ചെയ്താല്‍ മതി. നായന്മാരുടെ കുലത്തൊഴില്‍ നമ്പൂതിരിമാര്‍ക്ക് ഭൃത്യവൃത്തി ചെയ്യലായിരുന്നു. അതുകൊണ്ടാണ് ശബരിമലക്ഷേത്രത്തിന്റെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളുടെയും ഭരണാവകാശം സര്‍ക്കാറുകള്‍ ഉപേക്ഷിക്കണം, അതു പണ്ടേപ്പോലെ ക്ഷത്രിയ രാജകുടുംബങ്ങളിലെ വെറുതെ ഇരിക്കുന്ന രാജകുടുംബാംഗങ്ങള്‍ക്കു കൈമാറണം, ക്ഷേത്രസംരക്ഷണം നമ്പൂതിരിക്കു തന്നെ നല്‍കണം, ഞങ്ങള്‍ എക്കാലത്തും അവരുടെ ഭൃത്യവൃത്തിയുമായി ഒപ്പം കൂടിക്കൊളളാം എന്ന ആ പഴയ നായര്‍ സങ്കല്‍പ്പത്തിന്റെ പുളിച്ചുതികട്ടലായിരിക്കാം എന്‍ എസ് എസ് കാര്യദര്‍ശി സുകുമാരന്‍ നായര്‍, യുവതികള്‍ കയറിയതു മൂലം സന്നിധാനത്തെ ബാധിച്ച അശുദ്ധിക്കു പരിഹാരമായി ശുദ്ധിക്രിയ നടത്തിയതിനു തന്ത്രിക്കും രാജകുടുംബത്തിനും നന്ദിപറഞ്ഞത്. പക്ഷേ, ഇതൊരു നിയമലംഘനമാണ.് അയിത്താചാരണമാണ്. കോടതിയലക്ഷ്യമാണ്. ഇത് ചെയ്ത തന്ത്രിയെ എത്രയും വേഗം അവിടെനിന്നും ഇറക്കിവിട്ട് വല്ല ചാണകവെളളവും തളിച്ച് സന്നിധാനം ശുദ്ധികരിക്കണം എന്നതായിരിക്കും സാക്ഷാല്‍ ദേവഹിതം. പക്ഷേ, ദേവഹിതം എങ്ങനെ നടപ്പിലാകാനാണ്? ദേവഹിതത്തിന് മുകളില്‍ കയറി അമര്‍ന്നിരിക്കുകയല്ലേ ഇവിടത്തെ തന്ത്രിഹിതം? ഇതുറപ്പുള്ളതുകൊണ്ടായിരിക്കുമല്ലോ തന്ത്രികുടുംബത്തിലെ ഒരു ഇളംമുറ തമ്പുരാന്‍ രക്തം ചിന്തിയും മൂത്രം ഒഴിച്ചു പോലും സന്നിധാനം അശുദ്ധമാക്കാന്‍ ഞങ്ങള്‍ മടിക്കുകയില്ലെന്ന് പറഞ്ഞത്. ഇത്തരം ആക്രോശങ്ങളില്‍ നിന്നും കൊലവിളികളില്‍ നിന്നും ഈ കേരളത്തെ ആരു രക്ഷിക്കും. ആ ദൗത്യനിര്‍വഹണം, വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന സാക്ഷാല്‍ അയ്യപ്പസ്വാമിയെ തന്നെ ഏല്‍പ്പിക്കുകയേ തത്ക്കാലം നിവൃത്തിയുളളു.