തൊഴില്‍ കേസുകള്‍ തീര്‍പാക്കാന്‍ അബുദാബിയില്‍ അതിവേഗ കോടതി തുടങ്ങി

Posted on: January 9, 2019 7:10 pm | Last updated: January 9, 2019 at 7:10 pm

ദുബൈ: തൊഴില്‍ കേസുകള്‍ തീര്‍പാക്കാന്‍ അബുദാബിയില്‍ അതിവേഗക്കോടതിക്ക് തുടക്കമായി. കമ്പനികളും ജീവനക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് അതിവേഗം പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുക, വേതനം കൃത്യസമയത്ത് നല്‍കാതിരിക്കുക തുടങ്ങി കമ്പനി ഉടമകള്‍ക്കെതിരെയുള്ള പരാതികളുടെ എണ്ണം കൂടിയ പശ്ചാതലത്തിലാണിത്. പുതിയ കോടതിസംവിധാനം തൊഴിലാളികള്‍ക്ക് അവകാശം നേടിയെടുക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും നല്‍കും.

തവ ഫോക് സെന്ററില്‍ മാനവ വിഭവശേഷി സ്വദേശീവത്കരണ മന്ത്രാലയം കാര്യാലയത്തില്‍ ഏകദിന കോടതിയോടുചേര്‍ന്നാണ് സമ്മറി കേസസ് കോര്‍ട്ട് പ്രവര്‍ത്തിക്കുക. നടപടിക്രമങ്ങള്‍ വേഗത്തിലും എളുപ്പത്തിലുമാക്കുന്നതോടെ കക്ഷികള്‍ക്ക് നീതിയും പെട്ടെന്ന് ലഭിക്കുമെന്ന് അബുദാബി ജുഡീഷ്യല്‍ വകുപ്പ് ലീഗല്‍ അഡൈ്വസര്‍ ബെഞ്ചമിന്‍ ബെഹ്ഗര്‍ പറഞ്ഞു. കേസുകളില്‍ വിധിവരാന്‍ സമയമെടുക്കുമെന്നതിനാല്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ വൈകിപ്പിക്കുന്ന പ്രവണത മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ വിധിയും ശിക്ഷയുമെല്ലാം പെട്ടെന്ന് ലഭിക്കുമെന്നതിനാല്‍ ഇനി അത്തരം കാര്യങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തവ ഫോക് സെന്ററിലെത്തി പരാതി സമര്‍പിക്കുകയെന്നതാണ് ആദ്യ നടപടി. തുടര്‍ന്ന് കോടതി തൊഴിലുടമയെയും തൊഴിലാളിയെയും വിളിപ്പിക്കുകയും കേസിന് വിധി തീര്‍പ്പു കല്‍പി ക്കുകയും ചെയ്യും. ദിവസേന 55 മുതല്‍ 70 കേസുകള്‍ വരെ കോടതി പരിഗണിക്കും. ഒട്ടുമിക്ക കേസുകള്‍ക്കും സെന്ററില്‍ തന്നെ പരിഹാരമുണ്ടാക്കും. ഇല്ലെങ്കില്‍ മാത്രം മുകളിലെനിലയിലുള്ള സമ്മറി കേസസ് കോര്‍ട്ടിലേക്ക് നിര്‍ദേശിക്കും. പരമാവധി പതിനാറുദിവസത്തിനകം കോടതിയില്‍ കേസിന് തീര്‍പുണ്ടാക്കും. ജഡ്ജിയുടെ അടുത്ത് എത്തുന്നതിന് മുന്‍പ് കേസ് മാനേജര്‍, കോടതി ക്ലാര്‍ക്ക്, ഡാറ്റ എന്‍ട്രി ജീവനക്കാരന്‍ എന്നിവര്‍ പരാതിക്കാരനില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് നിയമപ്രശ്‌നങ്ങളില്ലാത്ത കേസുകള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാക്കും വിധമായിരിക്കും കോടതി നടപടികള്‍. സങ്കീര്‍ണമായ കേസാണെങ്കില്‍ ജഡ്ജ് ഓഫീസിന് അടുത്തുള്ള ഏകദിന തൊഴില്‍ കോടതിയിലേക്ക് മാറ്റും. ഇവിടെ കുറ്റാരോപിതന് കേസ് തീയതി വെച്ച് മൊബൈലിലും ഇ മെയിലിലും നിര്‍ദേശമയക്കും. ആ ദിവസം അവര്‍ക്ക് കോടതിയില്‍ വരാന്‍ പറ്റില്ലെങ്കില്‍ ഏഴ് ദിവസത്തേക്ക് അധിക സമയം അനുവദിക്കും. പിന്നെയും വൈകിപ്പിച്ചാല്‍ തൊഴില്‍ മന്ത്രാലയത്തിന്റെയും കോടതിയുടെയും പോലീസിന്റെയും നിര്‍ദേശം ഉള്‍ക്കൊള്ളുന്ന പത്രിക അയക്കുകയും നിയമ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും.