Connect with us

Editorial

സാമ്പത്തിക സംവരണം

Published

|

Last Updated

മൂന്ന് സംസ്ഥാനങ്ങളില്‍ ബി ജെ പിക്കേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കടന്നുവരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കേന്ദ്രം ചികഞ്ഞെടുത്ത പുതിയ ആയുധമാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം. വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ താഴെയായവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം നല്‍കാനാണ് തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ തീരുമാനം. അഞ്ച് ഏക്കറിലേറെ ഭൂമിയില്ലാത്തവരും 1000 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീടുള്ളവരും സാമ്പത്തിക സംവരണത്തിന് അര്‍ഹരായിരിക്കും. നിലവില്‍ മറ്റു പിന്നാക്ക, പട്ടിക വിഭാഗങ്ങള്‍ക്ക് നല്‍കുന്ന സംവരണത്തില്‍ കുറവു വരുത്താതെ 50.5 ശതമാനം വരുന്ന പൊതുവിഭാഗത്തില്‍ നിന്നാണ് മുന്നാക്ക സംവരണം നല്‍കുകയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്‍ എസ് എസ് ഉള്‍െപ്പടെയുള്ള സവര്‍ണ സംഘടനകള്‍ കാലങ്ങളായി ആവശ്യപ്പെട്ടു വരുന്നതാണ് സാമ്പത്തിക സംവരണം.

ഇത് നടപ്പില്‍ വരുത്തുക അത്ര എളുപ്പമല്ല. നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഭരണഘടനയുടെ 15, 16 വകുപ്പുകള്‍ പ്രകാരം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും മാത്രമേ സംവരണം പാടുള്ളൂ. മൊത്തം സംവരണം 50 ശതമാനത്തിനപ്പുറം കടക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവുമുണ്ട്. 49.5 ശതമാനം സംവരണം നിലവിലുണ്ട് താനും. ഈ കടമ്പകള്‍ മറികടക്കാന്‍ ആദ്യമായി 15, 16 വകുപ്പുകളില്‍ ഭരണഘടനാ ഭേദഗതി വരുത്തേണ്ടതുണ്ട്. ഭേദഗതിക്ക് പാര്‍ലിമെന്റിന്റെ ഇരുസഭകളുടെയും മൂന്നില്‍രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണയും രാജ്യത്തെ പകുതി സംസ്ഥാനങ്ങളിലെയെങ്കിലും നിയമസഭകളുടെ അംഗീകാരവും വേണം. ലോക്‌സഭയിലും രാജ്യസഭയിലും എന്‍ ഡി എക്ക് ഇതിനാവശ്യമായ അംഗബലം ഇല്ലാത്തതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായം ആവശ്യമായി വരും. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മുന്നാക്ക സംവരണത്തോട് വിയോജിപ്പില്ലെങ്കിലും ഇത്തരമൊരു നിയമനിര്‍മാണത്തിന്റെ രാഷ്ട്രീയ നേട്ടം ബി ജെ പിക്കും ഭരണപക്ഷത്തിനുമാകയാല്‍ പ്രതിപക്ഷം സഹകരിക്കാന്‍ സാധ്യത കുറവാണ്.

മാത്രമല്ല, സാമ്പത്തിക സംവരണം ബി ജെ പിയുടെ പ്രഖ്യാപിത നയമാണെന്നിരിക്കെ, ഇത്രയും കാലം ഈ ലക്ഷ്യത്തില്‍ ഒരു നീക്കവും നടത്താതെ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാനിരിക്കെ 24-ാം മണിക്കൂറില്‍ ഇതിനായി മുന്നിട്ടിറങ്ങിയതിന്റെ പിന്നിലെ ഉദ്ദേശ്യശുദ്ധിയും ചോദ്യം ചെയ്യപ്പെടും. ഇനി പാര്‍ലിമെന്റ് ഭരണഘടനാ ഭേദഗതി പാസ്സാക്കിയാല്‍ തന്നെ സാമ്പത്തിക സംവരണം സുപ്രീം കോടതി അംഗീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിലും ഭേദഗതി സംവരണ തത്വത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായതിനാലും സര്‍ക്കാര്‍ നീക്കം കോടതിയില്‍ ചോദ്യംചെയ്യാം. കോടതി നിയമനിര്‍മാണം റദ്ദാക്കാനാണ് സാധ്യത. മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കിയതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ തിരിച്ചടി അതിജീവിക്കാനുള്ള ശ്രമത്തില്‍ റാവു സര്‍ക്കാര്‍ സാമ്പത്തിക സംവരണ നീക്കം നടത്തിയിരുന്നെങ്കിലും സുപ്രീംകോടതി തടയുകയാണുണ്ടായത്.

സാമൂഹിക, രാഷ്ട്രീയ രംഗത്തും സാമ്പത്തിക സംവരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉടലെടുക്കാന്‍ സാധ്യതയുണ്ട്. എസ് എന്‍ ഡി പി പോലുള്ള പിന്നാക്ക സംഘടനകള്‍ ഇക്കാര്യം സൂചിപ്പിച്ചു കഴിഞ്ഞു. മുന്നാക്ക ജാതിക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കൈപിടിച്ചുയര്‍ത്തുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. സാമൂഹികക്ഷേമ പദ്ധതികളിലൂടെ ഇത് സാധ്യമാക്കാവുന്നതേയുള്ളൂ. സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കേണ്ടത് ആവശ്യവുമാണ്. അപ്പേരില്‍ ഭരണഘടന അനുവദിച്ച സംവരണത്തിന്റെ തത്വങ്ങളെ അട്ടിമറിക്കാനുള്ള നീക്കത്തോടാണ് എതിര്‍പ്പ്. ഒരു സാമ്പത്തിക പ്രശ്‌നമെന്ന നിലയിലല്ല രാജ്യത്ത് കീഴ്ജാതിക്കാര്‍ക്കും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും സംവരണം അനുവദിച്ചത്. സമൂഹികമായി അവര്‍ അനുഭവിക്കുന്ന വിവേചനത്തിനും പിന്നാക്കാവസ്ഥക്കും പരിഹാരമെന്ന നിലയില്‍ കൂടിയാണ്.

വ്യക്തിഗത ക്ഷമതയുടെ ഏറ്റക്കുറച്ചിലിലുകളില്‍നിന്ന് അഥവാ പഠിക്കാന്‍ മിടുക്കുള്ളവര്‍ പഠിക്കുകയും അല്ലാത്തവര്‍ അവരുടെ പഠിപ്പിനനുസരിച്ചുള്ള തൊഴിലുകള്‍ ചെയ്തു ജീവിക്കുകയും ചെയ്യുക എന്ന വ്യക്തിഗത ക്ഷമതയില്‍ ഉരുത്തിരിഞ്ഞു വന്നതല്ല ചില വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയും വിവേചനവും. ഒരു സമുദായത്തില്‍ പിറന്നവര്‍ അറിവിലേക്കും മറ്റു ചിലര്‍ തൊഴിലിലേക്കും എന്ന നിലയില്‍, വ്യക്തിഗത ക്ഷമതക്ക് യാതൊരു പ്രസക്തിയുമില്ലാത്തതായിരുന്നു കഴിഞ്ഞ കാല ഇന്ത്യന്‍ സാഹചര്യം. പിന്തള്ളപ്പെട്ട വിഭാഗക്കാര്‍ക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലകളിലും മുന്നേറ്റവും അധികാര നിര്‍വഹണത്തില്‍ പങ്കാളിത്തവുമുണ്ടാകേണ്ടത് രാജ്യ പുരോഗതിക്ക് അനിവാര്യമാണെന്ന രാഷ്ട്ര ശില്‍പികളുടെ ബോധ്യത്തില്‍ നിന്നുണ്ടായതാണ് നിലവിലുളള ജാതി, സാമുദായിക സംവരണം. നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തിലൂടെ രൂപപ്പെട്ട സമൂഹിക, ജാതി പിന്നാക്കാവസ്ഥയെ ഒറ്റപ്പെട്ട ചില മുന്നാക്കക്കാരുടെ സാമ്പത്തിക പിന്നാക്കാവസ്ഥയുമായി കൂട്ടിക്കുഴക്കുന്നത് ശരിയല്ല.

ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് തങ്ങള്‍ സാമ്പത്തിക സംവരണത്തിനുള്ള നീക്കങ്ങള്‍ നടത്തിയെന്ന അവകാശ വാദത്തിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്നാക്ക വിഭാഗക്കാരുടെ പിന്തുണയാര്‍ജിക്കാനുള്ള ഒരു രാഷ്ട്രീയ തട്ടിപ്പെന്നല്ലാതെ നടപ്പാകുന്ന കാര്യമല്ല മോദി സര്‍ക്കാറിന്റെ സാമ്പത്തിക സംവരണ പ്രഖ്യാപനം. കള്ളപ്പണം തിരികെ എത്തിച്ച് ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ മോദി വാഗ്ദാനത്തിന്റെ മറ്റൊരു പതിപ്പ് മാത്രമായേ ഇതിനെ കാണേണ്ടതുള്ളൂ.