മുഹമ്മദ് സല വീണ്ടും ആഫ്രിക്കന്‍ ഫുട്‌ബോളര്‍

Posted on: January 9, 2019 9:19 am | Last updated: January 9, 2019 at 11:58 am

ഡാകര്‍: ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലക്ക് ആഫ്രിക്കന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം. തുടര്‍ച്ചയായ രണ്ടാം തവണയാണ് സല പുരസ്‌കാരം നേടുന്നത്. സെനഗലിന്റെ ലിവര്‍പൂള്‍ താരം സാദിയോ മാനെ, ആഴ്‌സണല്‍ താരം എമറിക് ഔബമയാംഗ് എന്നിവരെ പിന്തള്ളിയാണ് സലയുടെ പുരസ്‌കാരനേട്ടം.

സെനഗലിലെ ഡാകറില്‍ നടന്ന ചടങ്ങില്‍ സല പുരസ്‌കാരം ഏറ്റുവാങ്ങി. 2017-18 സീസണില്‍ ലിവര്‍പൂളിനായി 44 ഗോളുകളാണ് സല അടിച്ചുകൂട്ടിയത്. സലയുടെ മിന്നുന്ന പ്രകടനത്തിന്റെ മികവിലാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നതും. റഷ്യന്‍ ലോകകപ്പിലും സല ഈജിപ്തിനായി ലക്ഷ്യം കണ്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സല ഇതുവരെ 13 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഇതോടെ, തുടര്‍ച്ചയായി രണ്ട് തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം നേടുന്നതില്‍ ഐവറികോസ്റ്റിന്റെ യായ ടുറെ, കാമറൂണിന്റെ സാമുവല്‍ എറ്റു, സെനഗലിന്റെ എല്‍ഹാദി ദിയോഫ് എന്നിവര്‍ക്കൊപ്പം സല എത്തി.