ജപ്പാന്‍ വ്യവസായി മീന്‍ വാങ്ങിയത് 21 കോടിക്ക്

Posted on: January 6, 2019 9:11 am | Last updated: January 6, 2019 at 10:14 am

ടോക്യോ: ജപ്പാനില്‍ റെസ്റ്റോറന്റ് ഉടമ വാങ്ങിയ മത്സ്യത്തിന്റെ വില കേട്ട് അന്ധാളിക്കരുത്. ലേലത്തില്‍ വെച്ച് ബ്ലൂഫിന്‍ ട്യൂണയെന്ന മത്സ്യം ഇയാള്‍ വാങ്ങിയത് 31 ലക്ഷം ഡോളറിനാണ്. അഥവ ഏകദേശം 21.5 കോടി രൂപ. റെക്കോര്‍ഡ് വിലക്ക് മത്സ്യം ലേലത്തിന് വിളിച്ച കിയോശി കിമുറ ഇപ്പോള്‍ ആഗോള മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ടോക്യോയിലെ പുതിയ മത്സ്യ മാര്‍ക്കറ്റില്‍ നടന്ന ലേലത്തിലാണ് സുശി റെസ്‌റ്റോറന്റുകളുടെ ഉടമയായ കിമുറ മോഹ വിലക്ക് മത്സ്യം സ്വന്തമാക്കിയത്. മുമ്പും സമാന രീതിയില്‍ ഇയാള്‍ മത്സ്യം ലേലത്തിന് വാങ്ങിയിരുന്നു. എല്ലാ വര്‍ഷവും നടക്കുന്ന മത്സ്യ ലേലത്തില്‍ വ്യാപാരികളും ധനികരും മത്സരിച്ച് ലേലം പിടിക്കുന്ന രീതി ടോക്യോയിലുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ മത്സ്യങ്ങളിലൊന്നാണ് ട്യൂണ.

ടൊയോസു മാര്‍ക്കറ്റില്‍ നടന്ന ലേലത്തിലാണ് 278 കിലോ തൂക്കമുള്ള മത്സ്യത്തെ കിമുറ സ്വന്തമാക്കിയത്. ജപ്പാനിലെ വടക്കന്‍ തീരത്ത് നിന്നാണ് ഭീമന്‍ മത്സ്യമായ ട്യൂണയെ പിടികൂടുന്നത്.
മത്സ്യത്തെ ഉപയോഗിച്ച് ഭക്ഷണ വിഭവങ്ങള്‍ ഉണ്ടാക്കാനാണ് താന്‍ തീരുമാനിച്ചതെന്നും ട്യൂണ മത്സ്യ വിഭവത്തിന് കൂടുതല്‍ ആവശ്യക്കാരെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കറുത്ത നിറമുള്ള ട്യൂണ മത്സ്യങ്ങള്‍ക്കാണ് ജപ്പാനില്‍ ആവശ്യക്കാര്‍ കൂടുതലുള്ളത്. ഇതിന്റെ ലഭ്യത കുറവായതിനാല്‍ ‘കറുത്ത വജ്രം’ എന്നാണ് ഇവിടത്തുകാര്‍ ട്യൂണ മത്സ്യത്തെ വിളിക്കുന്നത്. ഇതിന്റെ ചെറിയ കഷ്ണം വാങ്ങണമെങ്കില്‍ വന്‍ വിലയാണ് നല്‍കേണ്ടത്.
നേരത്തെ തുകിശി മത്സ്യമാര്‍ക്കറ്റില്‍ നടക്കാറുണ്ടായിരുന്ന ലേലം പിന്നീട് പുതുതായി നിര്‍മിച്ച തൊയോസു മാര്‍ക്കറ്റിലേക്ക് മാറ്റുകയായിരുന്നു.