Connect with us

Articles

സുവര്‍ണാവസരത്തിലെ അഴിഞ്ഞാട്ടങ്ങള്‍

Published

|

Last Updated

ശബരിമലയില്‍ യുവതി പ്രവേശം നടന്നതോടെ രണ്ടുദിനം സംസ്ഥാനമാകെ കലാപഭൂമിയാക്കി മാറ്റിയിരിക്കുകയാണ് സംഘ്പരിവാര്‍. എവിടെ തുടങ്ങണമെന്നോ അവസാനിപ്പിക്കണമെന്നോ അറിയാത്ത വിധമുള്ള അഴിഞ്ഞാട്ടമായിരുന്നു നാടെങ്ങും. ഗതാഗതം തടഞ്ഞും കണ്ണില്‍ കണ്ടവരെ മര്‍ദിച്ചും മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചും ശബരിമലയിലുണ്ടായ “ആചാരലംഘന”ത്തിന് പകരം വീട്ടി. സുവര്‍ണാവസരം ഉപയോഗപ്പെടുത്താന്‍ പരിവാര്‍ സംഘടനകള്‍ മത്സരിച്ചപ്പോള്‍ ചിലയിടങ്ങളിലെങ്കിലും മതേതരചേരിയുടെ ചെറുത്ത് നില്‍പ്പുണ്ടായി.

നാമജപത്തില്‍ തുടങ്ങി സെക്രട്ടേറിയറ്റ് ഫുട്പാത്തിലെ നിരാഹാര വേദിയിലെത്തി നില്‍ക്കുന്ന സമരം അവസാനിപ്പിക്കാനുള്ള പോംവഴിയെ കുറിച്ച് ബി ജെ പി നേതാക്കള്‍ തലപുകയ്ക്കുമ്പോഴാണ് ബിന്ദുവും കനകദുര്‍ഗയും അയ്യപ്പ ദര്‍ശനം നടത്തിയ വാര്‍ത്ത ഇടിത്തീ പോലെ പതിക്കുന്നത്. സന്നിധാനം മുതല്‍ സമരപന്തല്‍ വരെ ആദ്യം ഒരു അന്ധാളിപ്പായിരുന്നു. മുഖ്യമന്ത്രി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതിന് പിന്നാലെ നാടാകെ പ്രതിഷേധം. ഈ പ്രതിഷേധം അക്രമമായി മാറാന്‍ പിന്നെ അധിക സമയം വേണ്ടി വന്നില്ല.

ആദ്യദിനം മിന്നല്‍ ഹര്‍ത്താല്‍ പോലെയായിരുന്നു കാര്യങ്ങള്‍. പലയിടത്തും തെരുവിലിറങ്ങിയ സംഘികള്‍ കണ്‍മുന്നില്‍ കണ്ടതെല്ലാം അടിച്ച് തകര്‍ത്തു. വഴിയാത്രക്കാരെയൊന്നും വെറുതെ വിട്ടില്ല. തുറന്ന് വെച്ച കടകള്‍ ബലമായി അടപ്പിച്ചു. പിന്നാലെ തൊട്ടടുത്ത ദിവസം ഹര്‍ത്താലിന് ആഹ്വാനവും നല്‍കി. ശബരിമല വിഷയത്തിലെ ഏഴാമത്തെ ഹര്‍ത്താല്‍. അതും മൂന്ന് മാസത്തിനിടെ.
പുറംതോടില്‍ ശബരിമല കര്‍മസമിതി എന്ന് എഴുതി ഒട്ടിച്ചായിരുന്നു ഹര്‍ത്താലിനുള്ള ആഹ്വാനം. ഹിന്ദു സംഘടനകളെല്ലാം ചേര്‍ന്ന് നടത്തുന്നതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമായിരുന്നു ഈ എഴുതി ഒട്ടിക്കല്‍.

ശബരിമലയില്‍ സ്ത്രീ പ്രവേശം അനുവദിച്ചുള്ള ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവില്‍ ദേവസ്വംബോര്‍ഡ് പുനഃപരിശോധന ഹരജി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ശബരിമല ഹര്‍ത്താല്‍ പരമ്പരക്ക് ബി ജെ പി തുടക്കമിടുന്നത്. ഒക്‌ടോബര്‍ ഒന്നിനായിരുന്നു ഇത്. തുലാമാസ പൂജക്ക് നട തുറന്ന വേളയില്‍ ഒക്‌ടോബര്‍ പതിനെട്ടിന് രണ്ടാം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ശബരിമലയില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ട ശേഷമായിരുന്നു ഇത്. അന്ന് വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം വളഞ്ഞിട്ട് ആക്രമിച്ച ശേഷമായിരുന്നു ഈ ഹര്‍ത്താല്‍.
നവംബര്‍ രണ്ടിന് വീണ്ടും ഹര്‍ത്താല്‍. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഒരു അയ്യപ്പന്‍ അപകടത്തില്‍ മരിച്ചതിന്റെ പേരില്‍. ശബരിമലയിലെ “സുവര്‍ണാവസരത്തില്‍” ലഭിച്ച ആദ്യ ബലിദാനി. നിലക്കലും പമ്പയിലുമുണ്ടായ പോലീസ് നടപടിക്ക് ശേഷവും വീട്ടില്‍ ഫോണില്‍ വിളിച്ച് സംസാരിച്ച വ്യക്തിയെയാണ് സംഘ്പരിവാര്‍ ബലിദാനിയാക്കി അവതരിപ്പിച്ചത്.

വൃശ്ചികം ഒന്നിനായിരുന്നു അടുത്ത ഹര്‍ത്താല്‍. അതായത് നവംബര്‍ 17ന്. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ അര്‍ധരാത്രിക്ക് ശേഷമാണ് ഈ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. ഒന്നുമറിയാതെ രാത്രി ഉറങ്ങിയവര്‍ രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് ഹര്‍ത്താല്‍ വിവരം അറിയുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അക്രമാസക്തമായതിന്റെ പേരില്‍ ജില്ലയില്‍ മാത്രം ഒരു ഹര്‍ത്താല്‍ ഇതിനിടെ നടത്തി.
ഒരു ആത്മഹത്യയിലൂടെയാണ് ബി ജെ പിക്ക് “രണ്ടാം ബലിദാനി”യെ ലഭിക്കുന്നത്. സി കെ പത്മാനഭന്‍ നിരാഹാര സമരം കിടക്കുന്നതിനിടെ പന്തലിന് മുന്നില്‍ വന്ന് ഒരു മധ്യവയസ്‌കന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. എണ്‍പത് ശതമാനത്തിലധികം പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ മരിച്ചു. സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം നല്‍കാന്‍ പിന്നെ അധിക സമയം വേണ്ടി വന്നില്ല. ഈ ഹര്‍ത്താല്‍ പരമ്പരകള്‍ക്കൊടുവിലാണ് ബിന്ദുവും കനകദുര്‍ഗയും മല ചവിട്ടുന്നതും പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതും.
വിധി വന്നനാള്‍ മുതലുണ്ടായ വിരുദ്ധ നിലപാടുകളും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും സമം ചേര്‍ന്ന ഒരുതരം അവിയല്‍ പരുവമായിരുന്നു ശബരിമല വിഷയത്തിലെ ബി ജെ പിയുടെ ഇടപെടല്‍. കേസ് പരിഗണിച്ച ഘട്ടത്തില്‍ സ്ത്രീ പ്രവേശത്തെ അനുകൂലിച്ചവര്‍, വിധി വന്നപ്പോള്‍ സ്വാഗതം ചെയ്തവര്‍ പിന്നെ പതുക്കെ പതുക്കെ നിലപാട് മാറ്റുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ നേരത്തെ എഴുതിയ അഭിപ്രായപ്രകടനങ്ങള്‍ പോലും ഇരുട്ടിവെളുക്കും മുമ്പ് ഡിലീറ്റ് ചെയ്യാന്‍ കഴിയുന്ന നിലപാടുകളായിരുന്നു ബി ജെ പി നേതാക്കളെ സംബന്ധിച്ച്.

ഇക്കാര്യത്തില്‍ രണ്ട് നിലപാടുള്ള സംഘ്പരിവാര്‍ നേതാക്കള്‍ ഇപ്പോഴുമുണ്ട്. ദേശീയതലത്തിലും സംസ്ഥാനത്തും രണ്ടഭിപ്രായം പറയുന്നവര്‍. രാജ്യസഭ എം പിയും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വി മുരളീധരന്‍ ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖം ഒടുവിലെ ഉദാഹരണം. സുപ്രീം കോടതി ഉത്തരവിന്റെ ബലത്തില്‍ യുവതികള്‍ മലചവിട്ടാനെത്തിയാല്‍ അനുവദിക്കുകയാണ് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമെന്ന് അദ്ദേഹം എടുത്തുപറയുന്നുണ്ട്.
പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വിജയകരമായി നടപ്പാക്കിയ കലാപത്തിലൂടെ ക്ലച്ച് പിടിക്കലാണ് കേരളത്തിലും ലക്ഷ്യമിടുന്നതെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ അതിനുള്ള ആയുധം രാഖി മിനുക്കുകയായിരുന്നു മിന്നല്‍ ഹര്‍ത്താലിന്റെയും പ്രഖ്യാപിത ഹര്‍ത്താലിന്റെയും മറവില്‍.

സര്‍ക്കാറും ആഭ്യന്തരവകുപ്പും കുരുക്ക് മുറുക്കിയപ്പോള്‍ സമരം അവസാനിപ്പിച്ച് മലയിറങ്ങിയ ബി ജെ പിയെ വീണ്ടും സെക്രട്ടേറിയറ്റ് നടയിലേക്ക് ആനയിച്ചത് അമിത് ഷാ കണ്ണുരുട്ടിയപ്പോഴാണ്. തുലാമാസ പൂജക്ക് ക്രമസമാധാന ചുമതലക്കെത്തിയ വത്സന്‍ തില്ലങ്കേരിയുടെ പ്രകടനവും തൃശൂരില്‍ നിന്നുള്ള ഭക്തയുടെ തലയിലേക്കെറിഞ്ഞ തേങ്ങയും തിരിച്ചടിക്കുന്നുവെന്ന് കണ്ടതും മലയിറങ്ങാന്‍ സംഘ്പരിവാറിനെ പ്രേരിപ്പിച്ചു. സമരം എവിടെയും എത്തുന്ന നിലയില്ലെന്ന് പാര്‍ട്ടി കോര്‍ കമ്മറ്റി വിലയിരുത്തുക കൂടി ചെയ്തതോടെ സമരത്തിന് പതുക്കെ ഫുള്‍സ്റ്റോപ്പിട്ടു.
ഈ പിന്നോട്ടടി അമിത്ഷായുടെ ചെവിയിലെത്തിയതോടെയാണ് കാര്യങ്ങള്‍ അട്ടിമറിക്കപ്പെട്ടത്. ഗ്രൂപ്പ് പോര് പാരമ്യതയില്‍ നില്‍ക്കുന്നതിനാല്‍ മറുവിഭാഗം ഇത് നന്നായി ഉപയോഗപ്പെടുത്തി.

അങ്ങനെയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമര പന്തലുയരുന്നത്. ആദ്യ ഊഴം എ എന്‍ രാധാകൃഷ്ണനായിരുന്നു. തുടക്കത്തില്‍ നല്ല മാധ്യമ ശ്രദ്ധകിട്ടിയതിനാല്‍ തരക്കേടില്ലാതെ കടന്ന് പോയി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സി കെ പത്മാനഭന്‍ സമരം തുടങ്ങി. പന്തലിന് മുന്നില്‍ നേരത്തെ പരാമര്‍ശിച്ച ആത്മഹത്യയിലൂടെ ഇടക്ക് മാധ്യമ ശ്രദ്ധകിട്ടി. പിന്നെ സമരം തുടങ്ങിയത് ശോഭാ സുരേന്ദ്രന്‍. അപ്പോഴേക്ക് സമരം സമൂഹ മാധ്യമങ്ങളിലടക്കം പരിഹാസ കഥാപാത്രങ്ങള്‍ക്കുള്ള വിഷയമായി മാറി. പിന്നീട് എന്‍ ശിവരാജനും ഒടുവില്‍ പി എന്‍ വേലായുധനിലും എത്തിനില്‍ക്കുകയാണ് നിരാഹാര സത്യാഗ്രഹം.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചാല്‍ സമരം നിര്‍ത്താമെന്ന ധാരണയില്‍ തുടങ്ങിയതാണെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു നീക്കമുണ്ടായില്ല. എന്തായാലും ഇനി മകര വിളക്ക് തീരുന്നത് വരെ നിരാഹാര സമരം തുടരാതെ നിര്‍വാഹവുമില്ല.

പ്രഖ്യാപിക്കപ്പെടുന്ന സമരങ്ങള്‍ക്കെതിരെ രൂപപ്പെട്ട ജനവികാരവും ബി ജെ പിയെ അലട്ടുന്നു. ഹര്‍ത്താലിനെതിരെ അടുത്തകാലത്ത് ഇത്രവലിയ ജനവികാരമുണ്ടായിട്ടില്ല. എന്തായാലും സുവര്‍ണാവസരം മുതലെടുക്കാനിറങ്ങിയ കേരളത്തിലെ ബി ജെ പിയുടെ ഇനിയുള്ള പോക്ക് എങ്ങോട്ടായിരിക്കുമെന്നാണ് അറിയേണ്ടത്.