പന്തിന്റെ അക്രോബാറ്റിക് കിക്ക് അപ്പ് മൂവ്; അമ്പരപ്പോടെ ക്രിക്കറ്റ് ആരാധകര്‍

Posted on: January 4, 2019 3:56 pm | Last updated: January 4, 2019 at 3:56 pm

ആസ്‌ത്രേലിയന്‍ പര്യടനത്തിനിടെ പ്രകടനം കൊണ്ടും ഓസീസ് താരങ്ങളുടെ സ്ലെഡ്ജിംഗിന് ഉരുളക്കുപ്പേരി മറുപടി നല്‍കിയും ഏവരുടേയും ശ്രദ്ധാ കേന്ദ്രമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഋഷഭ് പന്ത്. പന്തിന്റെ വാക്കുകള്‍ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പോലും ആസ്വദിച്ചു എന്ന വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്. ഓസീസ് നായകന്‍ ടിം പെയ്‌നുമായുള്ള വാക്‌പോരാണ് പന്തിനെ ഏവരുടേയും ശ്രദ്ധാ കേന്ദ്രമാക്കിയത്.

ബാറ്റ് കൊണ്ടും പന്ത് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടി ഓസീസ് ബൗളര്‍മാരെ വെള്ളംകുടിപ്പിച്ച പന്ത് പുറത്താകാതെ 159 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഏഴാം വിക്കറ്റില്‍ രവീന്ദ്ര ജഡേജക്കൊപ്പം 204 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ താരം ആസ്‌ത്രേലിയയില്‍ സെഞ്ച്വറിയടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ ടീമില്‍ നായകന്‍ വിരാട് കോഹ്‌ലിയെപ്പോലെ ഏറ്റവും മികച്ച ഫിറ്റ്‌നസുമുള്ള താരമാണ് പന്ത്. രണ്ടാം ദിനത്തില്‍ ഡ്രിങ്ക്‌സിനിടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു അക്രോബാറ്റിക് നീക്കത്തിലൂടെ പന്ത് സ്വയം വലിഞ്ഞുനിവര്‍ന്ന് ഏഴുന്നേല്‍ക്കുന്നതാണ് വീഡിയോ. സിഡ്‌നിയിലെ കടുത്ത ചൂടില്‍ താരങ്ങള്‍ തളര്‍ന്നിരിക്കുകയായിരുന്നു. ഇതിനിടെയാണ് സൂപ്പര്‍താരം ഷോണ്‍ മൈക്കിള്‍സിനെ അനുകരിക്കും വിധം പ്രശസ്തമായ കിക്കപ്പ് മൂവിലൂടെ പന്ത് കാണികളുടെ മനം കവര്‍ന്നത്. കൈകള്‍ കുത്തിപെട്ടെന്ന് മുന്നിലേക്ക് എഴുന്നേല്‍ക്കുന്ന രീതിയാണ് കിക്ക് അപ്പ. കിക്ക് അപ്പ് വൈറലാകാന്‍ ഏറെ സമയം വേണ്ടി വന്നില്ല.