Connect with us

Alappuzha

ഹര്‍ത്താലിനോട് 'നോ' പറഞ്ഞ് സക്കരിയ്യ ബസാര്‍

Published

|

Last Updated

ആലപ്പുഴ: ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ എവിടെയും തുറന്നിട്ടില്ല. വാഹനങ്ങള്‍ ഓടുന്നില്ല, നിരത്തുകള്‍ കാലിയാണ്. ഒരു കാലി ചായ കുടിക്കാന്‍ പോലും ടൗണില്‍ ഒരു കടയുമില്ല. എങ്കില്‍ പിന്നെ ഒന്നും നോക്കണ്ട നേരെ സക്കരിയ്യ ബസാറിലേക്ക് വിട്ടോളൂ. ബസാറില്‍ ചെന്നാല്‍ കച്ചവടക്കാര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കും. അവിടെ പതിവ് പോലെ എല്ലാ കടകളും തുറന്നിട്ടുണ്ടാകും. ഏതു സമയവും ലജനത്ത് മാര്‍ക്കറ്റില്‍ നല്ല മീന്‍ കിട്ടും. നസീറിക്കാടെ കടയില്‍ നിന്ന് ഫ്രഷ് കോഴി വെട്ടിക്കിട്ടും. നല്ല ഫ്രഷ് പച്ചക്കറിയും മേടിച്ച് സാലിക്കാടെ കടയില്‍ നിന്ന് പൊറോട്ടയും ബീഫും കഴിച്ച് റാഫിസാബിന്റെയും ബാബുക്കയുടേയും പാട്ടുകള്‍ കേട്ട് ബസാറില്‍ നിന്ന് സന്തോഷത്തോടെ മടങ്ങാം” ഇന്നലെ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണിത്. ഹര്‍ത്താല്‍ ദിനങ്ങളിലെല്ലാം സക്കരിയ്യാബസാറിനെ കുറിച്ച് ഇത്തരം ധാരാളം കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മുഖ്യധാരാ മാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതും പതിവാണ്.
ആലപ്പുഴ ജില്ലാ ആസ്ഥാനമായ സിവില്‍ സ്റ്റേഷനില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയുള്ള സക്കരിയ്യാബസാര്‍ പല കാര്യങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധ നേടിയിട്ടുള്ള പ്രദേശമാണ്. ആര് ശ്രമിച്ചിട്ടും നിര്‍ത്തലാക്കാന്‍ പറ്റാത്ത ഹര്‍ത്താലിനോട് മുമ്പേ “നോ” പറഞ്ഞ സക്കരിയ്യാബസാര്‍ ഇന്ന് ഹര്‍ത്താല്‍ ദിനത്തില്‍ എല്ലാ വിഭാഗക്കാരുടെയും ആശാ കേന്ദ്രമാണ്.

ആര് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും ഇവിടെ എല്ലാ കടകളും തുറന്നിരിക്കും. പേര് സൂചിപ്പിക്കുന്ന പോലെ എല്ലാമൊത്ത ഒരു ബസാര്‍ തന്നെയാണ് സക്കരിയ്യാബസാര്‍ എന്നതിനാല്‍ എന്ത് സാധനം അന്വേഷിച്ചെത്തുന്നവര്‍ക്കും ഇവിടെയെത്തിയാല്‍ നിരാശരാകേണ്ടി വരില്ല. ഹര്‍ത്താല്‍ ദിനത്തില്‍ ഹോട്ടലുകളും പലചരക്ക്, പച്ചക്കറി, സ്റ്റേഷനറി, ജൗളി കടകളും ബീഫ്, മട്ടണ്‍, ചിക്കന്‍ സ്റ്റാളുകളും മത്സ്യ മാംസ്യ മാര്‍ക്കറ്റുമെല്ലാം പതിവിലുപരി സജീവമാണിവിടെ. നാട്ടുകാര്‍ കാല്‍നടയായെത്തി അവശ്യസാധനങ്ങള്‍ ശേഖരിക്കുമ്പോള്‍ വിദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്നവരുടെ നീണ്ട വാഹന നിര തന്നെ ഹര്‍ത്താല്‍ ദിനത്തില്‍ ഇവിടെ പ്രത്യക്ഷപ്പെടും. എല്ലാവിഭാഗമാളുകള്‍ക്കും നിര്‍ഭയത്തോടെ ഇവിടെയെത്തി ഷോപ്പിംഗ് നടത്തിയും ഹോട്ടല്‍ ഭക്ഷണം കഴിച്ചും മടങ്ങാമെന്നതാണ് ഏറെ ശ്രദ്ധേയം.

Latest