പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മിഥുന വിവാദങ്ങള്‍ക്കിടെ വനിതാ മതിലില്‍

Posted on: January 2, 2019 1:59 pm | Last updated: January 2, 2019 at 2:09 pm

തേഞ്ഞിപ്പലം/കൊണ്ടോട്ടി: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ ടി ജലീലുമായി വേദി പങ്കിട്ടതിന് മുസ്‌ലിം ലീഗ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സി പി എം തട്ടകത്തിലേക്ക്. ലീഗ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പി മിഥുന വനിതാ മതിലില്‍ കണ്ണിയായതോടെയാണ് സി പി എമ്മുമായുള്ള ഇവരുടെ കൂടുതല്‍ അടുപ്പം വ്യക്തമായത്.

ജില്ലയിലെ മുതിര്‍ന്ന സി പി എം വനിതാ നേതാവ് പി കെ സൈനബക്കൊപ്പം വനിതാ മതിലില്‍ പി മിഥുന അണിചേര്‍ന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ലീഗ് നേതൃത്വം കൂടുതല്‍ പ്രകോപിതരായിരിക്കുകയാണ്. മിഥുനക്കെതിരെ പാര്‍ട്ടി നേരത്തെയെടുത്ത നിലപാട് സാധൂകരിക്കും വിധമാണ് അവരുടെ പ്രവര്‍ത്തനമെന്നതിനാല്‍ തുടര്‍ നടപടിയുമായി മുസ്‌ലിം ലീഗ് മുന്നോട്ട് പോകുമെന്നും പാര്‍ട്ടിയെ ധിക്കരിച്ച് എതിര്‍ രാഷ്ട്രീയ കക്ഷികളുമായി സഹകരിക്കുന്ന പോകുന്ന മിഥുന മാന്യതയുണ്ടെങ്കില്‍ പാര്‍ട്ടി നല്‍കിയ പദവി രാജി വെച്ച് വാര്‍ഡില്‍ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ പി മുസ്തഫ തങ്ങള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യനിലപാടുമായി വിവാദ നായികയായ പഞ്ചായത്ത് പ്രസിഡന്റ് രംഗത്തുവന്നിട്ടില്ല.
അതേസമയം പ്രസിഡന്റിന് സി പി എം പിന്തുണയുണ്ടെന്ന് വ്യക്തമാകുന്നതാണ് അടുത്തിടെയുണ്ടായ വനിതാ മതില്‍ പങ്കാളിത്തം ഉള്‍പ്പടെയുള്ള സംഭവവികാസങ്ങള്‍. മുസ്‌ലിം ലീഗ് പ്രതിനിധിയായി കോണി ചിഹ്നത്തില്‍ മത്സരിച്ചാണ് പി മിഥുന പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായത്.

ഇതാണ് ലീഗുകാരുടെ ശക്തമായ പ്രകോപനത്തിന് കാരണം. മിഥുനയെ അനുനയിപ്പിച്ച് പഞ്ചായത്ത് ഭരണ സംവിധാനം നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ യു ഡി എഫ് തലത്തില്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും വനിതാ മതിലില്‍ പങ്കെടുത്തത്തോടെ നീക്കങ്ങളെല്ലാം തകിടം മറിയാനാണ് സാധ്യത.