വനിതാ മതില്‍ വന്‍ മതിലാകും ; എന്‍എസ്എസ് നിലപാട് ഇരട്ടത്താപ്പ്: മുഖ്യമന്ത്രി

Posted on: December 31, 2018 12:05 pm | Last updated: December 31, 2018 at 12:43 pm

തിരുവനന്തപുരം: വര്‍ഗീതയക്കെതിരായ മുന്നേറ്റത്തില്‍നിന്നും വിട്ടുനില്‍ക്കുന്ന നവോത്ഥാന സംഘടനകളുടെ നിലപാട് ഇരട്ടത്താപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ മതിലിന്റെ കാര്യത്തില്‍ എന്‍എസ്എസിന്റേത്് ഇത്തരമൊരു നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷത തകര്‍ക്കാനുള്ള ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതും വനിതാ മതിലില്‍ പങ്കെടുത്താല്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതും നവോത്ഥാന പാരമ്പര്യമുള്ള സംഘടനകള്‍ക്ക് ചേര്‍ന്നതാണോയെന്ന് ചിന്തിക്കണം.

ഏതെല്ലാം കാര്യത്തില്‍ സമദൂരം പാലിക്കണമെന്ന് സ്വയം പരിശോധിക്കണമെന്നും പിണറായി പറഞ്ഞു.ഇതെല്ലാം ഇരട്ടത്താപ്പായി കാണേണ്ടിവരും.മതനിരപേക്ഷത സംരക്ഷിക്കുന്ന കാര്യത്തില്‍ സമദൂരം പാലിക്കാന്‍ കഴിയുമോ? നാട്ടില്‍ മുന്‍പ് എന്തെല്ലാം ആചാരങ്ങള്‍ നിലനിന്നിരുന്നു. അതിനെതിരെ നവോത്ഥാന നായകര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ മറക്കാന്‍ കഴിയുമോ. മന്നം നടത്തിയ പ്രക്ഷോഭം അത്തരത്തിലുള്ളതാണ്. നായര്‍ സമുദായത്തില്‍ മരുമക്കത്തായം നിലനിന്നിരുന്നു. അതു മാറിയില്ലേ. നമ്പൂതിരിമാര്‍ക്ക് നായര്‍ സ്ത്രീകളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വത്തവകാശം ഇല്ലായിരുന്നു. അതെല്ലാം മാറിയില്ലേ. അതിനു നേതൃത്വം കൊടുത്ത മന്നത്തു പത്മനാഭനെപോലുള്ളവരുടെ പങ്ക്െചറുതല്ല. ശബരിമലയില്‍ നിരവധി ആചാരങ്ങള്‍ മാറി. 1949ല്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചു. മണ്ഡല മകരവിളക്കിനു മാത്രമേ ആദ്യമൊക്കെ നട തുറന്നിരുന്നുള്ളൂ. മലയാളമാസത്തിലും ഓണത്തിനും നടതുറക്കാന്‍ പിന്നീട് തീരുമാനിച്ചു. നേരത്തെയുള്ള ആചാരത്തില്‍നിന്നുള്ള മാറ്റമാണ്. അത് സൗകര്യപ്രദമാണ്. മതനിരപേക്ഷത തകര്‍ക്കുന്ന ഇടപെടല്‍ ശബരില വിഷയത്തില്‍ സംഘപരിവാര്‍ നടത്തുന്നു. സ്ത്രീകള്‍ എതിരാണെന്നു വരുത്താന്‍ ഒരുകൂട്ടം സ്ത്രീകളെ രംഗത്തിറക്കി. ഇത്തരം സാഹചര്യത്തിലാണ് നവോത്ഥാനപാരമ്പര്യം ഉള്‍കൊള്ളുന്ന ഹിന്ദു സംഘടനകളുടെ യോഗം വിളിക്കുന്നത്. ആ യോഗത്തില്‍ ഈ സാഹചര്യം വിശദീകരിച്ചു. അതിന്റെ ഭാഗമായാണ് വനിതാ മതില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ സ്ത്രീകള്‍ ആകമാനം പങ്കെടുക്കുന്ന വന്‍മതിലായി അത് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.