Connect with us

National

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിപക്ഷ എതിര്‍പ്പിനിടെ ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ ഇന്നു രാജ്യസഭയിലെത്തും. പ്രതിപക്ഷത്തിന് മേല്‍ക്കൈയുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കല്‍ സര്‍ക്കാറിന് എളുപ്പമാകില്ല. ഇന്നു സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ നിര്‍ദേശിച്ച് കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ എംപിമാര്‍ക്കു വിപ്പ് നല്‍കി. സഭയില്‍ ഭരണകക്ഷിക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്ലിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം ശ്രമിക്കും. അതേ സമയം മറ്റു കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കാനുള്ള നീക്കങ്ങള്‍ ബിജെപി ഊര്‍ജിതമാക്കിയിട്ടുണ്ട്.

മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിനു 3 വര്‍ഷം ജയില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും വിവാദ വ്യവസ്ഥ ഒഴിവാക്കാതെ ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നുമാണു കോണ്‍ഗ്രസ് നിലപാട്. ഇതിനിടെ, പാര്‍ലമെന്റില്‍ ബില്ലിനെ എതിര്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് എംപിമാര്‍ക്കു കത്തയച്ചു. ബില്‍ കിരാതവും മുസ്‌ലിം സമുദായത്തിനു നേര്‍ക്കുള്ള കടന്നു കയറ്റവുമാണെന്നു ബോര്‍ഡ് വനിതാ വിഭാഗം മേധാവി ഡോ. അസ്മ സെഹ്‌റ കത്തില്‍ പറയുന്നുണ്ട്. ലോക്‌സഭ പാസാക്കിയ പുതിയ ബില്ലും നിലവിലെ ഓര്‍ഡിനന്‍സും തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം ഇന്ന് രാജ്യസഭയില്‍ നിരാകരണ പ്രമേയം അവതരിപ്പിക്കും. ബില്‍ കൂടുതല്‍ പരിശോധനക്കായി രജ്യസഭയുടെ സെലക്ട് കമ്മറ്റിക്ക് വിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും.