Connect with us

Gulf

'ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി രാഹുലിന്റെ നാളുകള്‍'

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇനി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നാളുകളാണെന്ന് എ ഐ സി സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് പറഞ്ഞു. ദുബൈയില്‍ സിറാജ് മജ്ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് സംസ്ഥാനങ്ങളില്‍ തെരെഞ്ഞെടുപ്പ് ഫലം അത് തെളിയിച്ചിട്ടുണ്ട്. ബി ജെ പി എത്ര കുപ്രചാരണം നടത്തിയാലും രാഹുലിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴിയില്ല. കര്‍ഷകരുടെയും യുവാക്കളുടെയും പ്രതീക്ഷയായി രാഹുല്‍ മാറി. ഇന്ത്യന്‍ ജന സംഖ്യയുടെ 65 ശതമാനം യുവാക്കളാണെന്ന് അറിയുക. ആ യുവതയുടെ പ്രത്യാശയാണ് രാഹുല്‍. വാക്ക് പാലിക്കുന്ന നേതാവാണ് രാഹുലെന്നും ജനങ്ങള്‍ക്ക് ബോധ്യമായി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന വാഗ്ദാനം പാലിച്ചു. അതൊരു മന്‍ കി ബാത് മാത്രമല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. ഇന്ത്യയിലാകെ കര്‍ഷകരെ കാണാന്‍ രാഹുല്‍ താല്പര്യം കാണിച്ചു. സ്‌നേഹത്തിന്റെ ഭാഷയാണ് അദ്ദേഹം സംസാരിക്കുന്നത്. ബി ജെ പിയുടെ മുദ്രാവാക്യം കോണ്‍ഗ്രസ് മുക്ത ഭാരതം എന്നായിരുന്നു. കോണ്‍ഗ്രസ് ബി ജെ പിക്കെതിരെ അത്തരം മുദ്രാവാക്യം മുഴക്കുന്നില്ല. ബി ജെ പി നാല് വര്‍ഷം കൊണ്ട് വന്‍ പരാജയമാണെന്ന് ഏവര്‍ക്കും മനസ്സിലായി. ജി എസ് ടി, നോട്ട് നിരോധം കാരണം ജനങ്ങള്‍, വിശേഷിച്ചു ചെറുകിട വ്യാപാരികള്‍ നന്നേ പ്രയാസത്തിലായി. ഇനി കോണ്‍ഗ്രസ്സിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂവെന്നും ഹിമാന്‍ഷു വ്യാസ് പറഞ്ഞു.

കെ പി സി സി സെക്രട്ടറി എന്‍ കെ സുബ്രഹ്മണ്യന്‍, ഐ ഒ സി പ്രോഗ്രാം കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂര്‍, ഇന്‍കാസ് പ്രസിഡന്റ് മഹാദേവന്‍, സിദ്ധീഖ് അലി തുടങ്ങിയവര്‍ പങ്കെടുത്തു. ശരീഫ് കാരശ്ശേരി അധ്യക്ഷത വഹിച്ചു. ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി പ്രാര്‍ഥന നടത്തി.

ദുബൈ മര്‍കസ് ആസ്ഥാനവും ഹിമാന്‍ഷു വ്യാസ് സന്ദര്‍ശിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ മര്‍കസിനു കീഴില്‍ കേരളത്തിലും പുറത്തും നടക്കുന്ന ബൃഹത്തായ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ഹിമാന്‍ഷു പ്രകീര്‍ത്തിച്ചു.

Latest