പാക്കിസ്ഥാനില്‍ വിമാനം പറത്തുന്നവരില്‍ പത്താം ക്ലാസ് പാസാകാത്തവരും

Posted on: December 30, 2018 5:10 pm | Last updated: December 30, 2018 at 9:14 pm

ലാഹോര്‍: പാക്കിസ്ഥാന്റെ ദേശീയ വിമാന കമ്പനിയായ പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സി(പിഐഎ)ലെ പൈലറ്റുമാരില്‍ പത്താം ക്ലാസ് പോലും പാസാകാത്തവരുമുണ്ടെന്ന് റിപ്പോര്‍ട്ട്. പിഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളതെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

പിഐഎയിലെ ഏഴ് ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസ രേഖകള്‍ വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അഞ്ച് പൈലറ്റുമാര്‍ പത്താം ക്ലാസ് പോലും പാസായിട്ടില്ല. അക്കാദമിക് രേഖകള്‍ ഹാജരാക്കാതിരുന്ന അമ്പത് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ബസ് പോലും ഓടിക്കാനറിയാത്തവരാണ് ആയിരക്കണക്കിന് യാത്രക്കാരുമായി വിമാനം പറത്തുന്നതെന്ന് സുപ്രീം കോടതി ആശ്ചര്യപ്പെട്ടതായും ഡോണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ 36,000 കോടിയുടെ നഷ്ടമുണ്ട് പിഐഎക്ക്.