അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് : മോദി സര്‍ക്കാറിന്റേത് കള്ളന്റെ കരച്ചില്‍- സുര്‍ജേവാല

Posted on: December 30, 2018 4:51 pm | Last updated: December 30, 2018 at 7:38 pm

ന്യൂഡല്‍ഹി:അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് കള്ളന്റെ കരച്ചിലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. അഗസ്റ്റയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിച്ചത് മോദി സര്‍ക്കാറാണ്. അഗസ്റ്റ ലാഭമുണ്ടാക്കാനും സംരക്ഷണം നല്‍കാനും സഹായിയായി പ്രവര്‍ത്തിക്കുന്നത് മോദിയാണെന്നും സുര്‍ജേവാല ആരോപിച്ചു.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ടുള്ള പരിഭ്രാന്തിയാണ് മോദി പുറത്തുകാണിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സര്‍ക്കാറിന്റെ ചട്ടുകമായിരിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് അഴിമതി പുറത്തുകൊണ്ടുവരും. ഉത്തര്‍പ്രദേശില്‍ ജംഗിള്‍ രാജ് ആണ് നടക്കുന്നത്. രണ്ടാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ കാര്യം എന്തായിരിക്കുമെന്നും സുര്‍ജേവാല ചോദിച്ചു.