Connect with us

International

ബംഗ്ലാദേശില്‍ വോട്ടെടുപ്പിനിടെ അക്രമം: അഞ്ചുപേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ധാക്ക: ഇന്ന് പൊതു തിരഞ്ഞെടുപ്പു നടക്കുന്ന ബംഗ്ലാദേശില്‍ വിവിധയിടങ്ങളിലുണ്ടായ അക്രമ സംഭവങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. അക്രമം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പിലാണ് ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടത്.

വോട്ടെടുപ്പ് അന്തിമഘട്ടത്തിലെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആറു ലക്ഷത്തോളം പോലീസുകാരെയും സുരക്ഷാ സൈനികരെയുമാണ് നിയോഗിച്ചിട്ടുള്ളത്.

അവാമി ലീഗ് നേതാവും പ്രധാന മന്ത്രിയുമായ ഷെയ്ഖ് ഹസീനയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ കമാല്‍ ഹുസൈനും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. നാലാം വട്ടവും അധികാരത്തിലേറാമെന്ന പ്രതീക്ഷയിലാണ് ഷെയ്ഖ് ഹസീന. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനാല്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് ഖാലിദ സിയക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചിട്ടില്ല.

300 പാര്‍ലിമെന്റ് സീറ്റുകളിലേക്കായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ 1,848 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 40,183 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.