വനിതാ മതില്‍: വി എസിനെ എതിര്‍ത്ത് കാനം

Posted on: December 30, 2018 12:31 pm | Last updated: December 30, 2018 at 12:31 pm

തിരുവനന്തപുരം: വനിതാ മതിലുമായി ബന്ധപ്പെട്ട് വി എസ് അച്യുതാനന്ദന്റെ നിലപാടിനൊപ്പമില്ലെന്ന് വ്യക്തമാക്കി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി പി എം നേതൃത്വത്തിലുള്ള ഇടതു മുന്നണിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും വി എസ് ഇപ്പോഴും സി പി എം ആണെന്നാണ് തന്റെ വിശ്വാസമെന്നും കാനം പറഞ്ഞു. വനിതാ മതില്‍ വിഷയത്തില്‍ വി എസ് സ്വീകരിച്ച നിലപാട് ശരിയാണോ എന്ന് വി എസിനോടു തന്നെ ചോദിക്കണം.

എന്‍ എസ് എസ് പോലെയുള്ള ജാതി സംഘടനകളെ കൂടെ നിര്‍ത്തിയുള്ള വര്‍ഗ സമരം ഒരിക്കലും കമ്മ്യൂണിസ്റ്റ് വിപ്ലവ പദ്ധതിയല്ലെന്നാണ് വി എസ് പറഞ്ഞത്. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ അതേപടി പകര്‍ത്തുന്നതല്ല വര്‍ഗ സമരത്തിന്റെ രീതിശാസ്ത്രമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്‍ എസ് എസിനെയും കാനം രൂക്ഷമായി വിമര്‍ശിച്ചു. മന്നത്തിന്റെ ശിഷ്യര്‍ നവോത്ഥാന നിലപാടില്‍ നിന്നു മാറിപ്പോവുകയാണ്. നവോത്ഥാനത്തിന്റെ കൂടെയാണോ വിമോചന സമരത്തിന്റെ കൂടെയാണോ അവരുള്ളതെന്നു വ്യക്തമാക്കണം.