കങ്കാരുക്കളെ വരിഞ്ഞുമുറുക്കി; മെല്‍ബണില്‍ ഇന്ത്യ ജയത്തിലേക്ക്

Posted on: December 29, 2018 10:53 am | Last updated: December 29, 2018 at 10:28 pm

മെല്‍ബണ്‍: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലും ആസ്‌ത്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. 399 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റിന് 157 റണ്‍സെന്ന നിലയിലാണ്. 15 റണ്‍സുമായി നായകന്‍ ടിം പെയ്‌നും റണ്ണൊന്നുമെടുക്കാതെ പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍.

അത്ഭുതങ്ങള്‍ക്ക് മാത്രമേ ഓസീസിന്റെ പരാജയമൊഴിവാക്കാന്‍ കഴിയൂ. മാര്‍ക്കസ് ഹാരിസ് (13), ആരോണ്‍ ഫിഞ്ച് (മൂന്ന്), ഖവാജ (33), ഷോണ്‍ മാര്‍ഷ് (44), ട്രാവിസ് ഹെഡ് (34), മിച്ചല്‍ മാര്‍ഷ് (10) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാര്‍. ഇന്ത്യക്കായി ബുംറയും ജഡേജയും രണ്ട് വീതവും ഇശാന്ത്, ഷാമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ബുംറ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

നേരത്തെ, രണ്ടാം ഇന്നിംഗ്‌സ് എട്ട് വിക്കറ്റിന് 106 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. അഞ്ച് വിക്കറ്റിന് 54 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് മായങ്ക് അഗര്‍വാള്‍ (42), രവീന്ദ്ര ജഡേജ (അഞ്ച്), ഋഷഭ് പന്ത് (33) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. പന്ത് പുറത്തായതോടെ കോഹ്‌ലി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓസീസിനായി പാറ്റ് കമ്മിന്‍സ് ആറ് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ കമ്മിന്‍സ് മൂന്ന് വിക്കറ്റെടുത്തിരുന്നു. ഹാസില്‍വുഡ് രണ്ട് വിക്കറ്റെടുത്തു.