വൈസനിയം ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് നാളെ

Posted on: December 29, 2018 9:05 am | Last updated: December 29, 2018 at 11:04 am

മലപ്പുറം: നാളെ നടക്കുന്ന ഗ്രാന്‍ഡ് കോണ്‍ഫറന്‍സോടെ ഒരു വര്‍ഷം നീണ്ട വൈസനിയം സമ്മേളനത്തിന് സമാപനമാകും. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍ ആദര്‍ശശുദ്ധിയുടെയും വൈജ്ഞാനിക മുന്നേറ്റത്തിന്റെയും അജയ്യത അടയാളപ്പെടുത്തി സംഗമിക്കുന്നതോടെ ഗ്രാന്‍ഡ് കോണ്‍ഫറന്‍സ് പുതുചരിതമെഴുതും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. യു എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. അദാമ ഡിംഗ് മുഖ്യാതിഥിയാകും. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്, ഡോ. അബ്ദുല്‍ ഫത്താഹ് അബ്ദുല്‍ ഗനി, ഗുട്ടിറെസ് കവനാഗ്, രമേശ് ചെന്നിത്തല, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കര്‍ണാടക നഗര വികസന മന്ത്രി യു ടി ഖാദര്‍, സി എം ഇബ്‌റാഹിം, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, അബ്ദുല്ലക്കുഞ്ഞി ഹാജി ഏനപ്പൊയ പ്രസംഗിക്കും.

ഗഹനമായ ചര്‍ച്ചകള്‍, ആശയ സമ്പന്നമായ ഇടപെടലുകള്‍, പ്രശസ്ത വ്യക്തിത്വങ്ങളാല്‍ നിറഞ്ഞ വേദികള്‍, പ്രൗഢമായ സദസ്സും തീര്‍ത്ത് വൈസനിയം ഇന്നലെ ദ്വിദിനം പിന്നിട്ടു. അറിവന്വേഷകരെ ആകര്‍ഷിക്കുകയാണ് ഓരോ സെഷനുകളും. വൈജ്ഞാനിക, ആത്മീയ, സാംസ്‌കാരിക മേഖലകളായിരുന്നു ഇന്നലത്തെ പ്രധാന ആകര്‍ഷണം. പുതിയ കാലത്തെ സാമ്പത്തിക പ്രശ്‌നങ്ങളും നാളെയുടെ പ്രതീക്ഷകളും പങ്കുവെച്ച ഇസ്‌ലാമിക് ഫൈനാന്‍സ് സിമ്പോസിയം വാണിജ്യ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും പഠിതാക്കളുടെയും സംഗമമായി മാറി. ലോകവ്യാപകമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക് ബേങ്കിംഗിന്റെ സാധ്യതകളായിരുന്നു ഈ സെഷനെ സക്രിയമാക്കിയത്.

മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിലെ ജുമുഅ ഖുതുബക്കും നിസ്‌കാരത്തിനും ലോകപ്രശ്‌സ്ത ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് നേതൃത്വം നല്‍കി. ആയിരക്കണക്കിന് വിശ്വാസികളാണ് നിസ്‌കാരത്തില്‍ പങ്കുകൊള്ളാന്‍ ഗ്രാന്‍ഡ് മസ്ജിദിനകത്തും പുറത്തും തടിച്ചുകൂടിയത്. വൈകീട്ട് മൂന്നിന് സായിദ് ഹൗസില്‍ നടന്ന ‘ഇന്ത്യ: ഭാവിയുടെ വിചാരങ്ങള്‍’ ചര്‍ച്ചാ സമ്മേളനം രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയും ചര്‍ച്ച ചെയ്തു. സുപ്രീം കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ സാന്നിധ്യമാണ് ഈ സെഷനെ വേറിട്ട് നിര്‍ത്തിയത്. വര്‍ഗീയതയെ ആശ്രയിച്ച് ജനപ്രതിനിധികള്‍ സഭകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത് രാജ്യത്തെ നശിപ്പിക്കുകയാണെന്നും അതില്‍ നിന്ന് മുക്തി നേടുമ്പോഴേ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴുക്കുണ്ടാവുകയുള്ളൂവെന്നും കട്ജു പറഞ്ഞു.

ഹറമിലെ കാണാ കാഴ്ചകളുമായി വണ്‍ ഡേ ഇന്‍ ഹറം ഡോക്യുമെന്ററി പ്രദര്‍ശനം കാണാന്‍ സ്വലാത്ത് നഗറില്‍ ജനം തടിച്ചുകൂടി. ലോകത്തെ വിവിധ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ച ഈ ഡോക്യുമെന്ററി ആദ്യമായാണ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. തുടര്‍ന്ന് ഖുര്‍ആന്‍ വിസ്മയം പരിപാടി ശൈഖ് മുഹമ്മദ് സാലിം സഈദി ഉദ്ഘാടനം ചെയ്തു.