Connect with us

Editorial

എം പി ഫണ്ട് വിനിയോഗം

Published

|

Last Updated

16-ാം ലോക്‌സഭയുടെ കാലയളവ് അവസാനിക്കാനിരിക്കെ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ നടന്ന എം പി ഫണ്ട് വിനിയോഗത്തെക്കുറിച്ച് പുറത്തുവന്ന കണക്കുകള്‍ നിരാശാജനകമാണ്. ഒരു വര്‍ഷം അഞ്ച് കോടിയെന്ന കണക്കില്‍ അഞ്ച് വര്‍ഷം ഒരു എം പിക്ക് മൊത്തം 25 കോടി മണ്ഡലത്തിലെ വികസന പ്രര്‍ത്തനങ്ങള്‍ക്കായി ലഭിക്കുന്നുണ്ട്. എന്നാല്‍, 2014 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 25 കോടിയുടെ ഫണ്ട് പദ്ധതികള്‍ പൂര്‍ത്തിയാക്കി മുഴുവനായി വിനിയോഗിച്ചത് 543 ലോക്‌സഭാ മണ്ഡലങ്ങളില്‍ 35 ഇടത്ത് മാത്രമാണ്. ഗുജറാത്ത്, ഹരിയാന, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളിലാണ് തുക പൂര്‍ണമായി വിനിയോഗിച്ചത്. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒരു മണ്ഡലത്തിലും മുഴുവനും ചെലവഴിച്ചിട്ടില്ല. 20 ലോക്‌സഭാ എം പിമാരുടെയും ഒമ്പത് രാജ്യസഭാ എം പിമാരുടേതുമായി കേരളത്തില്‍ മൊത്തം വിനിയോഗിക്കാവുന്ന 145 കോടി രൂപയില്‍ ദശകോടികളാണ് ഉപയോഗിക്കാതെ കിടക്കുന്നത്.

അതാത് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എം പി മാര്‍ക്ക് നിശ്ചിത തുക അനുവദിക്കുന്ന പദ്ധതി 1993ലാണ് ആരംഭിക്കുന്നത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ ആരംഭിച്ച പദ്ധതി പിന്നീട് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റി. തുടക്കത്തില്‍ വര്‍ഷാന്തം അഞ്ച് ലക്ഷം രൂപ യായിരുന്നു അനുവദിച്ചിരുന്നത്. തുക ഫലപ്രദമായി ചെലവഴിക്കുന്നതില്‍ എം പിമാര്‍ വീഴ്ച വരുത്തുന്നതായി തുടക്കം മുതലേ പരാതി ഉയര്‍ന്നിരുന്നു. വിനിയോഗത്തില്‍ ക്രമക്കേട് നടക്കുന്നതായും സന്തുലിതത്വം പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്.

ഓരോ മണ്ഡലത്തിലെയും അടിയന്തരവും ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതുമായ പദ്ധതകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. പ്രാദേശിക പിന്നാക്കാവസ്ഥ, സാമൂഹിക സാമ്പത്തിക വികസന സൂചികകള്‍ എന്നിവയായിരിക്കണം മാനദണ്ഡം. എന്നാല്‍, പല ജനപ്രതിനിധികളും പ്രാദേശിക, വ്യക്തിതാത്പര്യങ്ങള്‍ക്ക് വഴങ്ങി അപ്രധാനമായ കാര്യങ്ങള്‍ക്കാണ് തുക വിനിയോഗിക്കുന്നത്. ഇത് മണ്ഡലത്തിലെ വികസനത്തില്‍ അസന്തുലിതാവസ്ഥക്ക് വഴിവെക്കുന്നു. മണ്ഡലത്തിലെ ചില പ്രദേശങ്ങളില്‍ വന്‍തോതില്‍ വികസനം വരുമ്പോള്‍ മറ്റു ഭാഗങ്ങള്‍ തഴയപ്പെടുകയാണ്. ഇത് ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ സത്തക്ക് വിരുദ്ധവും ത്രിതല ഭരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുകയുണ്ടായി. മാത്രമല്ല, ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് ചെലവിടുന്ന ഈ സംഖ്യ എം പിമാരുടെ സ്വന്തം സമ്പാദ്യത്തില്‍ നിന്നെന്ന് തോന്നിപ്പിക്കുന്ന മട്ടിലാണ് പ്രചരിപ്പിക്കപ്പെടുന്നത്.

എം പിമാരുടെയും എം എല്‍ എമാരുടെയും ഫണ്ട് വിനിയോഗത്തിലെ അപാകത കേന്ദ്ര വിവരാവകാശ കമ്മീഷന്റെ വിമര്‍ശനത്തിനും വിധേയമായിട്ടുണ്ട്. തനിക്കും അടുത്ത ബന്ധുക്കള്‍ക്കും പ്രയോജനപ്പെടുന്ന പദ്ധതികളാണ് പല എം പിമാരും ശിപാര്‍ശ ചെയ്യുന്നതെന്നും പൊതുസ്ഥാപനങ്ങള്‍ക്ക് ചെലവിടേണ്ട ഫണ്ട് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിനിയോഗിച്ചതായും കണ്ടെത്തിയതായി കമ്മീഷന്‍ പറയുന്നു. അംഗീകാരമില്ലാത്ത ഏജന്‍സികള്‍ക്കും ഫണ്ട് നല്‍കുന്നുണ്ട്. എം പി ഫണ്ട് മുഖേന നിര്‍മിച്ചതായി അവകാശപ്പെട്ട പലതും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കമ്മീഷന്‍ വെളിപ്പെടുത്തുന്നു. ഫണ്ട് വിനിയോഗത്തിനായി ചുമതലപ്പെട്ട മന്ത്രാലയം പൂര്‍ണമായ വിവരങ്ങള്‍ സൂക്ഷിക്കുന്നില്ലെന്നും എം പി ഫണ്ടിന്റെ വിനിയോഗത്തെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട അപ്പീല്‍ ഹരജി തീര്‍പ്പാക്കവെ കമ്മീഷന്‍ വെളിപ്പെടുത്തി. പാര്‍ലിമെന്ററി നിയോജക മണ്ഡലവും ഗുണഭോക്താക്കളുടെ വിശദാംശങ്ങളും നടപ്പാക്കിയ പദ്ധതികളുടെ വിവരങ്ങളും ഫണ്ട് വിനിയോഗത്തില്‍ കാലതാമസം വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കാരണവും ഉള്‍പ്പെടെ ഫണ്ട് വിനിയോഗം സംബന്ധിച്ച സമഗ്രമായ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ രാജ്യസഭാ ചെയര്‍മാനോടും ലോക്‌സഭാ സ്പീക്കറോടും ആവശ്യപ്പെടുന്നു.

ഫണ്ട് വിനിയോഗത്തിലെ കാലതാമസത്തെക്കുറിച്ചോ പൂര്‍ണമായും വിനിയോഗിക്കാതെ ഫണ്ട് പാഴാക്കിയതിനെക്കുറിച്ചോ ആരായുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സ്വയം ഭരണസ്ഥാപനങ്ങളെയും കുറ്റപ്പെടുത്തി രക്ഷപ്പെടാറാണ് ജനപ്രതിനിധികളുടെ പതിവ്. നിലവില്‍ അനുവദിച്ച തുകയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റും പദ്ധതികളുടെ പ്രതിമാസ വളര്‍ച്ചാ റിപ്പോര്‍ട്ടും സമയബന്ധിതമായി സമര്‍പ്പിച്ചെങ്കിലേ അടുത്ത ഗഡു അനുവദിക്കുകയുള്ളൂ. ജില്ലാ അധികൃതരാണ് ഇത് സമര്‍പ്പിക്കേണ്ടത്. അത് തയ്യാറാക്കി സമര്‍പ്പിക്കുന്നതില്‍ പല ജില്ലാ ഭരണകൂടങ്ങളും കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് അവരുടെ പരാതി. വീഴ്ച ആരുടെ ഭാഗത്ത് നിന്നായാലും അടിസ്ഥാന വികസനങ്ങള്‍ക്കായി സംസ്ഥാനത്തിന് ലഭിക്കേണ്ട വിഹിതമാണ് ഇതുമൂലം നഷ്ടമാകുന്നത്.

Latest