Connect with us

Kerala

ഐ എന്‍ എല്‍- നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ലയന പ്രഖ്യാപനം ജനുവരിയില്‍

Published

|

Last Updated

കോഴിക്കോട്: ഐ എന്‍ എല്‍- നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ലയന പ്രഖ്യാപനം ജനുവരിയില്‍ ഉണ്ടാകും. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇരു പാര്‍ട്ടികളും ഏറെക്കുറേ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രാദേശിക കമ്മിറ്റികള്‍ മുതലുള്ള ഭാരവാഹികളുടെ വീതംവെപ്പ് മാത്രമാണ് ഇനി ചര്‍ച്ച ചെയ്യാനുള്ളത്.
അടുത്ത മാസം മൂന്നിന് ചേരുന്ന ഐ എന്‍ എല്ലിന്റെ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റിയില്‍ ലയനത്തിന് അംഗീകാരം നേടും. 12ന് ഐ എന്‍ എല്ലിന്റെ ദേശീയ കമ്മിറ്റിയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. ഇതിന് ശേഷം അടുത്ത മാസം തന്നെ ലയന പ്രഖ്യാപനം നടത്താനാണ് ഇരുപാര്‍ട്ടികളിലും ധാരണയായിട്ടുള്ളത്.

സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഇപ്പോഴത്തെ ഐ എന്‍ എല്ലിന് തന്നെ ലഭിക്കും. മറ്റ് സംസ്ഥാന ഭാരവാഹി സ്ഥാനങ്ങള്‍ ഇരു പാര്‍ട്ടികളും പങ്കിട്ടെടുക്കും. ഐ എന്‍ എല്ലും നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സും ഒരേ സ്വഭാവമുള്ള സംഘടനകളായതിനാല്‍ ലയനത്തിന് ഇടതുമുന്നണി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇടതുമുന്നണി പ്രവേശനം അനന്തമായി നീണ്ടുപോയതോടെ സംഘടനയുടെ നേരത്തെയുള്ള നേതാക്കളില്‍ പലരും മുസ്‌ലിം ലീഗിലേക്ക് തിരികെ പോയി. മുസ്‌ലിം ലീഗില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ പി ടി എ റഹീമിന്റെ ലീഗ് റഹീം വിഭാഗവും ഐ എന്‍ എല്ലില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ഐ എന്‍ എല്‍ സെക്യുലറും ഒന്നിച്ച് 2010 നവംബറിലാണ് നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് രൂപവത്കരിച്ചത്.

എന്‍ എസ് സിയുടെ സംസ്ഥാന ഭാരവാഹികളിലൊരാളായ ജലീല്‍ പുനലൂര്‍ ഉള്‍പ്പെടെയുള്ളവര്‍ പഴയ ഐ എന്‍ എല്ലുകാരാണ്. എന്‍ കെ അബ്ദുല്‍ അസീസ് നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിലേക്ക് വന്നുവെങ്കിലും പിന്നീട് ഐ എന്‍ എല്ലിലേക്ക് തിരികെ പോയി. നേരത്തെ ഐ എന്‍ എല്‍ നേതാവായിരുന്ന അബ്ദുല്ല യൂസുഫ് പിന്നീട് നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി. നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സിന് ഇപ്പോള്‍ ഒരു നിയമസഭാ പ്രാതിനിധ്യമുണ്ട്. താനൂര്‍ എം എല്‍ എ. വി അബ്ദുര്‍റഹ്മാനാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ഇപ്പോള്‍ നിയമസഭയിലുള്ളത്.

കുന്ദമംഗലത്ത് നിന്ന് സി പി എം സ്വതന്ത്രനായി മത്സരിച്ച് ജയിച്ച അഡ്വ. പി ടി എ റഹീം സി പി എം പാര്‍ലിമെന്ററി പാര്‍ട്ടി അംഗമായിട്ടാണ് നിയമസഭയിലുള്ളത്. മുന്നണി പ്രവേശത്തോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ടി എ റഹിം ഐ എന്‍ എല്‍ ടിക്കറ്റില്‍ മത്സരിക്കും.
ലോക് താന്ത്രിക് ജനതാദളിന്റെയും ഐ എന്‍ എല്ലിന്റെയും മുന്നണി പ്രവേശനത്തോടെ മലബാര്‍ മേഖലയില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ ചലനങ്ങളുണ്ടാക്കാനാകുമെന്നാണ് എല്‍ ഡി എഫ് കരുതുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

---- facebook comment plugin here -----

Latest