ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കവര്‍ന്ന് ആര്‍ചി

Posted on: December 26, 2018 9:55 am | Last updated: December 26, 2018 at 1:22 pm

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ ദിവസമായ ഇന്ന് കളിയാരാധകരുടെ മനംകവര്‍ന്ന് ഏഴ് വയസ്സുകാരന്‍ ആര്‍ചി ഷില്ലര്‍. അപൂര്‍വമായ ഹൃദോഗം ബാധിച്ച് ആര്‍ച്ചിയെ ആസ്‌ത്രേലിയ പതിനഞ്ചാമനായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ന് ഓസീസ് ടീമിന്റെ ഉപനായകനായി ക്യാപ്റ്റന്‍ ടിം പെയ്‌നിനൊപ്പം ടോസിനായി ആര്‍ചി എത്തി.

ഓസീസ് താരങ്ങള്‍ക്കൊപ്പം പരിശീലന സെഷനിലും ഷില്ലര്‍ പങ്കെടുത്തിരുന്നു. തന്റെ ഇഷ്ടതാരമായ സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ആര്‍ചിക്ക് വിഖ്യാതമായ ബാഗി ഗ്രീന്‍ ക്യാപ് സമ്മാനിച്ചു. സഹതാരങ്ങള്‍ ആര്‍ചിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി.

ഹൃദയ വാള്‍വിന് തകരാറുള്ള ആര്‍ചി ഷില്ലെറിന് ഓടിച്ചാടി നടക്കാന്‍ സാധിക്കില്ല. സ്‌കൂള്‍ ജീവിതം പോലും അന്യമാണ് ഈ ഏഴ് വയസുകാരന്.
മൂന്നാം വയസിലാണ് വാള്‍വിന്റെ തകരാര്‍ കണ്ടെത്തിയത്. നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനുള്ള ഷില്ലറുടെ മോഹം മാത്രം നടപ്പില്ല.

വലുതായാല്‍ ആസ്‌ത്രേലിയയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകണം എന്നാണ് ഷില്ലറിന്റെ സ്വപ്നം. ഇത് പിതാവിനോട് ഷില്ലര്‍ പലവട്ടം വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തിലാണ് ആസ്‌ത്രേലിയയിലെ മേക്ക് എ വിഷ് ചാരിറ്റി ഫൗണ്ടേഷന്‍ മുന്‍കൈയ്യെടുത്ത് ഷില്ലറിന് ദേശീയ ക്രിക്കറ്റ് സ്‌ക്വാഡില്‍ ഇടം നേടിക്കൊടുത്തത്. ഷില്ലറിന്റെ ഹൃദയത്തിന്റെ അവസ്ഥ മോശമായിരിക്കുകയാണ്. അടുത്ത ദിവസം തന്നെ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടതുണ്ട്.

ജീവിതത്തിലേക്ക് തിരിച്ചുവെരാന്‍ വെമ്പുന്ന ഏഴു വയസുകാരന് ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ സന്തോഷം നല്‍കുകയാണ് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ചെയ്തിരിക്കുന്നത്. കോച്ച് ജസ്റ്റിന്‍ ലാംഗര്‍ ഫോണിലൂടെയാണ് ഷില്ലറിനെ തന്റെ ടെസ്റ്റ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയ വിവരം അറിയിച്ചത്. ഷില്ലര്‍ വളരെ കാലം ചെലവഴിച്ചത് കിടക്കയിലാണ്. ആ കുഞ്ഞിന്റെ മുഖത്ത് ചിരി വിടരാന്‍ ഇതു കൊണ്ട് സാധിക്കുമെങ്കില്‍ വലിയ കാര്യമാണ് – ലാംഗര്‍ പറഞ്ഞു.